കോട്ടയം: ഈരാറ്റുപേട്ട തേവരുപാറ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം പ്രതിസന്ധിയില്‍. പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കാന്‍ ആളില്ലാത്തതിനാല്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം പഴയപടി സംസ്‌കരണകേന്ദ്രത്തിന്‍റെ ഒരു വശത്ത് തള്ളുകയാണ്. ഒരുമാസത്തിന് മുമ്പ് വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് തിരക്കിട്ട് സംസ്‌കരണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മസേന രംഗത്തുണ്ട്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് തരംതിരിക്കാനാവാതെ കൂട്ടിയിട്ടിരിക്കുന്നത്. നിലവില്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള ജൈവമാലിന്യങ്ങളുടെ സംസ്‌കരണം മാത്രമാണ് ഇവിടെ നടക്കുന്നത്.
നിലവിലുള്ള മാലിന്യം നീക്കം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ട സ്ഥലത്ത് തന്നെ മാലിന്യനിക്ഷേപം തുടരുകയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഇസ്മയില്‍ കീഴേടം പറഞ്ഞു. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിന് ബദല്‍ സംവിധാനം വേണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഭരണസമിതി തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്ലാന്റ് പരിസരത്ത് മാലിന്യനിക്ഷേപം അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ജനം വീണ്ടും സമരത്തിനിറങ്ങേണ്ട സാഹചര്യമാണെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു. 200 കിലോഗ്രാമോളം ജൈവ മാലിന്യസംസ്‌കരണം മാത്രമാണ് ഇവിടെ ദിവസവും നടക്കുന്നത്. നാല് ജീവനക്കാര്‍ മാത്രമുള്ള പ്ലാന്‍റില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ മാത്രമെ പ്ലാസ്റ്റിക് വേര്‍തിരിക്കലും സംസ്‌കരണവും സാധ്യമാകൂ.
.