കോട്ടയം: അനധികൃതമായി മദ്യ കച്ചവടം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാമ്പാടി വട്ടക്കുന്ന് സ്വദേശി ജയബാലനെ(60) യാണ് വെള്ളിയാഴ്‌ച കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. കറുകച്ചാൽ ചമ്പക്കര ക്ഷേത്രത്തിന് സമീപം ഓട്ടോ സ്റ്റാൻഡിൽ അനധികൃതമായി മദ്യ വില്‍പന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ അഞ്ചര ലിറ്റർ വിദേശമദ്യവുമായി ഇയാളെ പിടികൂടുന്നത്.
മദ്യം ഔട്ട്‌ലെറ്റിൽ നിന്നും കൂടുതലായി വാങ്ങി സൂക്ഷിച്ചു വയ്‌ക്കുകയും ആവശ്യക്കാർക്ക് വലിയ വിലയിൽ വിൽപ്പന നടത്തി വരികയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷന്‍ എസ്.ഐ അനിൽകുമാർ, ഗോപകുമാർ, സുഭാഷ്, എഎസ്‌ഐ ബൈജു, സിപിഒ മാരായ സന്തോഷ്‌കുമാർ, രഞ്‌ജിത്കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.