കോട്ടയം : മീനച്ചിലാറ്റിലെ വെള്ളം മനുഷ്യവിസര്‍ജ്യം കലര്‍ന്നതാണെന്ന റിപ്പോര്‍ട്ടില്‍ അധികൃതർക്ക് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. പാല, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ഉപയോഗയോഗ്യമല്ലെന്ന് പഠനത്തിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വിഷയത്തിൽ സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദേശം നല്കി.
പാലാ സ്വദേശി പി.പോത്തൻ സമർപ്പിച്ച പരാതിയിലാണ് നടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ജല അതോറിറ്റി മാനേജിങ് ഡയറക്ടർ, കോട്ടയം ജില്ല മെഡിക്കൽ ഓഫിസർ, മലിനീകരണ നിയന്ത്രണ ബോർഡ്, കോട്ടയം ജില്ല എൻവയൺമെന്റൽ എഞ്ചിനീയർ എന്നിവർക്കാണ് നിർദേശം നൽകിയത്.
നവംബർ 25നകം റിപ്പോർട്ട് സമർപ്പിക്കണം.കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഗുരുതര മലിനീകരണം കണ്ടെത്തിയത്. ജില്ലയിലെ 50ലധികം കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ മീനച്ചിലാറിലെ വെള്ളത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
കൊവിഡ് വ്യാപനത്തിന് മുമ്പും ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ അടുക്കം മുതൽ ഇല്ലിക്കൽവരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
മീനച്ചലാറിന്റെ കരയിൽ വ്യവസായ സ്ഥാപനങ്ങൾ കുറവായതിനാൽ ജനവാസകേന്ദ്രങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ എത്തുന്നതെന്നാണ് പഠനത്തിൽ പറയുന്നത്.