കോട്ടയം: തട്ടുകടയില്‍ നിന്നും മലിനജലം വീട്ടിലേക്ക് ഒഴുക്കുന്നു എന്ന് പരാതിപ്പെട്ട് വീട്ടമ്മ കുടുംബസമേതം പാലാ നഗരസഭ ഓഫീസിലെത്തി പ്രതിഷേധിച്ചു. പാലാ ഞൊണ്ടിമാക്കല്‍ തോണിക്കുഴിപ്പറമ്പില്‍ സോണിയയും കുടുംബവുമാണ് നഗരസഭയിലെത്തി പ്രതിഷേധം നടത്തിയത്. തട്ടുകടയില്‍ നിന്നും മലിനജലം ഒഴുകുന്നത് പരാതിപ്പെട്ടിട്ടും നഗരസഭയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
അയൽ വാസിയായ ജോയിയുടെ തട്ടുകടയിൽ നിന്നും മലിന ജലം വീട്ടു മുറ്റത്തേക്കു ഒഴുക്കുന്നുവെന്നാണ് സോണിയയുടെ പരാതി. മലിനജലം ഒഴുകുന്നതു മൂലം കുടുംബാംഗങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി. ഈ കാര്യം അയൽവാസിയായ ജോയിയെ അറിയിച്ചിട്ടും അയാൾ പരിഹരിക്കാൻ തയ്യാറായില്ലെന്നും വീട്ടമ്മ പറഞ്ഞു.
നഗരസഭയില്‍ പ്രതിഷേധം നടത്തിയ സോണിയയ്‌ക്ക് പ്രതിപക്ഷ കൗണ്‍സിലര്‍മാരും പിന്തുണ നല്‍കി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊളളാനിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പൊലീസ് സ്ഥലത്തെത്തിയിട്ടും പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ സോണിയ തയ്യാറായിരുന്നില്ല. ഒരുമണിക്കൂറോളം പ്രതിഷേധം നീണ്ടതിനെ തുടര്‍ന്ന് നഗരസഭ സെക്രട്ടറി വിഷയത്തില്‍ ഇടപെടല്‍ നടത്തി. പത്ത് ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ കൗൺസിലർമാരുടെയും, സ്ഥലത്തെത്തിയ പാലാ പൊലീസിൻ്റെയും സാന്നിദ്ധ്യത്തിലാണ് സെക്രട്ടറി സോണിയയ്‌ക്ക് പ്രശ്‌നപരിഹാരത്തിനുള്ള ഉറപ്പു നൽകിയത്. സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് സോണിയയും കുടുംബവും പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.