കോട്ടയം: ജീവിത കാലം മുഴുവൻ തെരുവില്‍ കഴിയേണ്ട അവസ്ഥ. റോഡിനോട് ചേർന്ന് ചാക്കും പഴയ തുണികളും കൊണ്ട് മറച്ച കുടില്‍. കോട്ടയം - തിരുവാതുക്കൽ റോഡിന് സമീപം നിരാലംബയും വികലാംഗയുമായ ലക്ഷ്‌മിയമ്മ നരക ജീവിതം നയിച്ചു തീർക്കുകയാണ്. അറുപതിയഞ്ച് വയസുണ്ട് ലക്ഷ്‌മിയമ്മയ്ക്ക്. ഭർത്താവ് വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചതോടെ വീട്ടുജോലികളും തുന്നലുമായിരുന്നു ജീവിതമാർഗം. പ്രമേഹം മൂർച്ഛിച്ച് വലതുകാല്‍ നഷ്‌ടമായതോടെ ജോലി ചെയ്‌ത് ജീവിക്കാൻ കഴിയാതെയായി. മകൻ കൂടി മരിച്ചതോടെ ലക്ഷ്‌മിയമ്മ പൂർണമായും തെരുവിന്‍റെ കാരുണ്യത്തില്‍ ജീവിച്ചു തുടങ്ങി.
വഴിവക്കിൽ തന്‍റെ കൂരക്ക് മുന്നിൽ അവർ അങ്ങനെ നോക്കിയിരിക്കും. ആരോ സമ്മാനിച്ച ഗ്യാസ് സിലണ്ടറിൽ പാചകം. മലമൂത്ര വിസർജനവും കിടപ്പുമെല്ലാം ഈ ഷെഡിൽ തന്നെ. അടച്ചുറപ്പുള്ള വീടിനുവേണ്ടി മുൻസിപ്പാലിറ്റിയിലും സർക്കാർ ഓഫീസുകളിലുമടക്കം വീല്‍ചെയറില്‍ കയറിയിറങ്ങി. എവിടെയും സഹായത്തിന്‍റെ കൈകൾ നീട്ടിയില്ല. സ്ഥിരം സഹായങ്ങളുമായി എത്തുന്നവരുണ്ട്. ദുരിത ജീവിതത്തില്‍ ആശ്വാസമായി വഴിപോക്കരും എത്താറുണ്ട്. തെരുവ് വിളക്കിന്‍റെ പ്രകാശം മാത്രമാണ് ലക്ഷ്‌മിയമ്മയുടെ രാത്രി ജീവിതം. അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നമാണ് ഈ അമ്മയെ ഇപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.