കോട്ടയം : ഏറ്റുമാനൂരിൽ ഹെലികോപ്‌റ്റര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി പരത്തി. വള്ളിക്കാട് കുരിശുമല ഭാഗത്ത് ഇന്നലെ (ബുധൻ) രാവിലെ 11.30നായിരുന്നു സംഭവം. താഴ്ന്നുപറന്നത് നാവികസേനയുടെ ഹെലികോപ്‌റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹെലികോപ്റ്ററിന്‍റെ അതിശക്തമായ കാറ്റേറ്റ് ഈ മേഖലയിൽ നാശനഷ്ടങ്ങള്‍ ഉണ്ടായി. പുരയിടങ്ങളിലെ വൃക്ഷങ്ങൾ കാറ്റിൽ വട്ടംചുറ്റി. മിനിറ്റുകളോളം ഹെലികോപ്‌റ്റര്‍ താഴ്ന്നുപറന്നതിനാൽ പ്രദേശത്തെ വാഹന വർക്ഷോപ്പ് തകര്‍ന്നു.
ക്യാൻസർ രോഗികൂടിയായ കട്ടിപ്പറമ്പിൽ കുഞ്ഞുമോന്‍റെ വർക്ഷോപ്പിനാണ് കേടുപാടുണ്ടായത്. കുഞ്ഞുമോന്‍റെ വീടിനോട് ചേർന്നാണ് വർക്ഷോപ്പ് സ്ഥിതിചെയ്യുന്നത്. ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നപ്പോൾ ഇവിടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
ALSO READ:താനൂരിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു
ശക്തമായ കാറ്റിൽ വർക്‌ഷോപ്പിന്‍റെ മുകളിൽ വലിച്ചുകെട്ടിയിരുന്ന ഷീറ്റ് പറന്നുപോയി. ഇത് വലിച്ചുകെട്ടിയിരുന്ന കല്ലുകൾ വരെ തെറിച്ചുപോയതായി കുഞ്ഞുമോൻ പറയുന്നു. പ്രദേശത്ത് ആകെ പൊടി നിറഞ്ഞ സ്ഥിതിയായിരുന്നു.
ക്യാൻസർ രോഗിയായ കുഞ്ഞുമോന്‍ ജീവിതം മുന്നോട്ടുപോകുന്നത് വർക്ഷോപ്പില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്.
ഇദ്ദേഹത്തിന്‍റെ വീടിന്‍റെ അടുക്കളയുടെ മുകളിലിട്ടിരുന്ന ആസ്ബസ്റ്റോസ് ഷീറ്റും കാറ്റിൽ താഴെ വീണു തകർന്നു.
സംഭവത്തെതുടർന്ന് കാണക്കാരി വില്ലേജ് ഓഫിസിലും കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചതായി കുഞ്ഞുമോന്‍റെ ഭാര്യ മോളി പറഞ്ഞു. എന്നാൽ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവർ അറിയിച്ചു.