കൊല്ലം: ജില്ലയിലെ 85 ശതമാനത്തിലധികം കൊവിഡ് ബാധിതർക്കും കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ സെന്‍റിനൽ നിരീക്ഷണം ശക്തിപ്പെടുത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. പനിയും ഇൻഫ്‌ളുവൻസാ ലക്ഷണങ്ങളും ഉള്ളവരിലാണ് നേരത്തെ കൂടുതൽ പരിശോധന നടത്തിയിരുന്നത്. ഇനി രോഗവ്യാപന സാധ്യതയുള്ള അന്യസംസ്ഥാന തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ, ബസ് ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, പൊതു പ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കിടയിൽ പരിശോധന ശക്തമാക്കും. ഇതിനായി ജില്ലയിൽ രണ്ട് സഞ്ചരിക്കുന്ന പരിശോധനാ ലാബുകൾ സജ്ജമാക്കി.
പരിശീലനം ലഭിച്ച ഡെന്‍റൽ സർജൻമാരും സ്റ്റാഫ് നഴ്‌സുമാരും ഉൾപ്പെടുന്ന ടീമുകൾ ലാബിലുണ്ടാകും. ആഴ്‌ചയിൽ ഏഴു ദിവസവും മുൻകൂട്ടി തീയതിയും സമയവും അറിയിച്ച് മൊബൈൽ ടീം പരിശോധന നടത്തും. കൊവിഡ് രോഗ നിർണയത്തിനുള്ള ആന്‍റിജൻ, ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള സ്വാബ് ശേഖരണം, മലമ്പനി പരിശോധന എന്നിവ നടത്തും.