കോട്ടയം: കാർ പാർക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് സ്ത്രീ അടക്കം മൂന്നംഗ കുടുംബത്തിന് നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. സംഭവത്തില്‍ പേരൂർ എംഎച്ച്സി കോളനിയിൽ രാജൻ(55) ഭാര്യ കുഞ്ഞമ്മ(50), മകൻ അനൂപ്(33) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്‌ച രാത്രി 8.45ന് പേരൂർ എംഎച്ച്എസി കോളനിയിലാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. കഞ്ചാവ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വഴി തടഞ്ഞു നിന്ന യുവാക്കളോട് കാറ് പാർക്ക് ചെയ്യുന്നതിന് മാറി നിൽക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ പത്തംഗ സംഘം അനൂപ് വീട്ടിലേയ്ക്കു കയറുന്ന സമയം ഓടി വന്ന് മർദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ശബ്‌ദം കേട്ട് രാജനും കുഞ്ഞമ്മയും വീടിനു പുറത്തേയ്ക്കു എത്തിയപ്പോൾ ഇരുവർക്കും അക്രമി സംഘത്തിന്‍റെ ക്രൂര മർദനമേറ്റു.
അനൂപിൻ്റെ തലയ്ക്കും കുഞ്ഞമ്മയുടെ കൈയ്ക്കും വെട്ടേറ്റു. രാജന്‍റെ കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി. മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് രാജൻ പൊലീസിന് മൊഴി നൽകി.
Also Read: ദിലീപിന്‍റെ ഫോണുകൾ സർവീസ് ചെയ്‌തിരുന്നയാളുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ