കോട്ടയം: ഓർത്തഡോക്സ്-യാക്കോബായ സഭകളുടെ കൂട്ടായ്മയായ കേരള ചർച്ച് കൗൺസിൽ (കെസിസി) അധ്യക്ഷ സ്ഥാനത്തു നിന്നും യാക്കോബായ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഒഴിയണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. ഓർത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് സുപ്രീംകോടതി വിധി ലംഘിച്ച് യാക്കോബായ വിഭാഗം മാര്‍ച്ച് നടത്തിയതില്‍ പ്രതിഷേധിച്ചാണ് സഭ പ്രസ്താവനയിലൂടെ മെത്രോപ്പോലീത്തയുടെ രാജി ആവശ്യപ്പെട്ടത്. മാര്‍ച്ച് നടത്തിയ ബിഷപ്പ് രാജിവച്ച് പ്രസ്ഥാനത്തോട് നീതി പുലര്‍ത്തണമെന്ന് ഓർത്തഡോക്സ് സഭ കോട്ടയം മെത്രാസന സെക്രട്ടറി ഫാ. പി കെ കുര്യാക്കോസ് പണ്ടാരകുന്നേൽ ആവശ്യപ്പെട്ടു. കെസിസി അധ്യക്ഷസ്ഥാനത്തു നിന്നുകൊണ്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപക ഉദ്ദേശത്തിനു വിരുദ്ധമായി സഭകൾക്കിടയിൽ പ്രശ്നമുണ്ടാക്കാന്‍ മെത്രാപ്പോലീത്ത നേതൃത്വം നൽകുന്നെന്നും ഓർത്തഡോക്സ് സഭ ആരോപിക്കുന്നു.
തിരുവല്ല മേപ്രാല്‍ പള്ളിയില്‍ നിശ്ചയിച്ച ആരാധന സമയം കഴിഞ്ഞിട്ടും ഓര്‍ത്തഡോക്സ് വിഭാഗം പുറത്തിറങ്ങാഞ്ഞതിനെ തുടര്‍ന്ന് യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം മാര്‍ച്ച് നടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് കേരള ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഓർത്തഡോക്സ് സഭയിലെ ഡോക്ടർ ഫാദർ റെജി മാത്യു രാജിവെച്ചിരുന്നു.