കോട്ടയം: കാറില്‍ കടത്തുകയായിരുന്ന നൂറ് കിലോയിലധികം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. മുണ്ടക്കയം സ്വദേശി രഞ്ജിത്ത് (26), ഞീഴൂർ സ്വദേശി കെൻസ് സാബു (28) എന്നിവരാണ് സ്‌പെഷ്യൽ സ്ക്വാഡിന്‍റെ പിടിയിലായത്. കാറിന്‍റെ ഡിക്കിയിലും പുറകിലെ സീറ്റിനടിയിലും ചാക്കുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
മുണ്ടക്കയം, തലയോലപ്പറമ്പ്, വൈക്കം പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് (ഒക്‌ടോബർ 9) രാവിലെ 6.30 ഓടെ വെട്ടിക്കാട്ട് മുക്കിൽ വച്ച് കർണാടക രജിസ്‌ട്രേഷനിലുള്ള ഫോർഡ് കമ്പനിയുടെ നീല നിറത്തിലുള്ള എക്കോ സ്പോട്ട് കാറിലെത്തിയ യുവാക്കളെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു.
പിന്നാലെ എത്തിയ പോലീസ് വെട്ടിക്കാട്ട് മുക്കിനും തലപ്പാറയ്ക്കുമിടയിൽ വച്ച് വാഹനം തടഞ്ഞു. തുടർന്ന് കാറിൽ നിന്നിറങ്ങി സമീപത്തെ റബ്ബർ തോട്ടത്തിലൂടെ ഓടിയ യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.
Also read: പച്ചക്കറിയിൽ ഒളിപ്പിച്ച് ജയിലിൽ കഞ്ചാവ് എത്തിച്ചയാൾ അറസ്‌റ്റിൽ
പ്രതികളെ വൈക്കം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തുവരികയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ കെൻസ് ബാബു. സംഭവവുമായി ബന്ധപ്പെട്ട് എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.