കോട്ടയം: പ്രണയം നിരസിച്ചതിന് കോളജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അഭിഷേകിനെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികളും കോളജ് അധികൃതരും. പാലാ സെന്‍റ് തോമസ് കോളജ് വിദ്യാർഥിനി നിഥിനയെ കൊലപ്പെടുത്താനായി പ്രതി അഭിഷേക് പരീക്ഷ പകുതിക്ക് നിർത്തിയ ശേഷം പുറത്ത് കാത്തുനിൽക്കുകയായിരുന്നുവെന്ന് ഇരുവർക്കുമൊപ്പം പരീക്ഷ എഴുതിയ സഹപാഠി ആദം പറയുന്നു.
ഇരുവരും ഒരു ഹാളിലായിരുന്നു പരീക്ഷ എഴുതിയത്. നിഥിനയും അഭിഷേകും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ആദം പറഞ്ഞു. ക്ലാസിൽ എല്ലാവരും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. കോളജിൽ വെച്ച് വഴക്കൊന്നും ഉണ്ടായിട്ടില്ല. അഭിഷേക് അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും സഹപാഠി പറഞ്ഞു.
REA MORE: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ മരത്തിന് ചുവട്ടിൽ ആൺകുട്ടി കാത്തിരിക്കുകയായിരുന്നുവെന്ന് കോളജ് പ്രിൻസിപ്പൽ ഫാ. ജയിംസ് മംഗലത്തും വെളിപ്പെടുത്തി. പെൺകുട്ടിയെ പേനാക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ പോയ കുട്ടികളാണ് സംഭവം കണ്ടത്. കോളജ് ഓഫിസിൽ വിവരം ലഭിച്ചതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇതിന് മുമ്പ് യാതൊരു പ്രശ്‌നവും റിപ്പോർട്ട് ചെയ്തിട്ടില്ല. അടുപ്പമുണ്ടെന്ന് പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങൾ ഇല്ലായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കൊലയ്ക്കുശേഷം പിടിയിലായ പ്രതിക്ക് യാതൊരു ഭാവദേദവും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൈയ്ക്ക് മുറിവേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിഥിന മോളാണ് (22) പാലാ സെന്‍റ് തോമസ് കോളജിൽവെച്ച് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.