കോട്ടയം: ലോകകപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ ശേഷിക്കുമ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശം വാനോളമുയർന്നു. ഫുട്ബോൾ താരങ്ങളുടെ കൂറ്റൻ ഫ്ലക്‌സുകൾ നാട്ടുമ്പുറങ്ങളിലെ വഴിയോരങ്ങളിൽ നിറഞ്ഞു. കളി ആരംഭിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.
വൈകുന്നേരം ഫ്ലക്‌സുകൾ അണിനിരത്തിയ വഴിയോരങ്ങളിൽ കളിക്കളത്തിന് സമാനമായ ആവേശമാണ്. കോട്ടയം ഇല്ലിക്കൽ കവലയിൽ 20 അടിപൊക്കമുള്ള മെസ്സിയുടെ കൂറ്റൻ കട്ടൗട്ടാണ് ഫാൻസുകാർ ഉയർത്തിയത്. നെയ്‌മറുടെ കട്ടൗട്ടും പലയിടത്തും ഉയർന്നു. വിജയപ്രതീക്ഷയിലാണ് ഓരോ ടീമിന്‍റെയും ആരാധകർ.
സ്‌പോർട്‌സ് ഐറ്റംസ് വിൽക്കുന്ന കടകളിൽ ഓരോ ടീമുകളുടെ ജഴ്‌സിയും ബൂട്ടുകളും വാങ്ങാനെത്തുന്ന ആളുകളുടെ തിരക്കാണ്. ലോകകപ്പ് അടുത്തതോടെ ആവേശക്കൊടുമുടിയിലാണ് ആരാധകർ.