കോട്ടയം : കാലിത്തീറ്റയിൽ നിന്നുണ്ടായ ദക്ഷ്യ വിഷബാധയേറ്റ് നിരവധി കന്നുകാലികൾ ചികിത്സയിൽ. അൻപതിൽ അധികം കന്നുകാലികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പാമ്പാടി, കറുകച്ചാൽ, നെടുങ്കുന്നം പഞ്ചായത്തുകളിലെ ക്ഷീരസംഘങ്ങൾ വഴി വിതരണം ചെയ്‌ത കെഎസ് സുപ്രീം കാലിത്തീറ്റയിൽ നിന്നാണ് കന്നുകാലികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്.
പശുക്കളിൽ പനി,വയറിളക്കം, വിശപ്പില്ലായ്‌മ, പാലിന്‍റെ അളവ് കുറയൽ എന്നിവയാണ് ലക്ഷണങ്ങൾ. ഈ മാസം 24 ന് വിതരണം ചെയ്‌ത കാലിത്തീറ്റയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന സംശയം ഉയർന്നതോടെ സംസ്ഥാനത്തൊട്ടാകെ കമ്പനി വിതരണം ചെയ്‌ത കാലിത്തീറ്റ തിരിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട്. ചില സമയങ്ങളിൽ ഭക്ഷ്യ വിഷബാധ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയേറെ പശുക്കളെ ബാധിക്കുന്നത് ഇതാദ്യമായാണെന്ന് ചമ്പക്കര ക്ഷീരസംഘം പ്രസിഡന്‍റ് ജോജോ ജോസഫ് പറഞ്ഞു.
രോഗം വ്യാപകമായതോടെ കെഎസ് സുപ്രീം കാലിത്തീറ്റ കന്നുകാലികൾക്ക് നൽകരുതെന്ന് ഡോക്‌ടർമാരും ക്ഷീര സംഘം അധികൃതരും കർഷകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഏതുതരം വിഷാംശമാണ് കാലിത്തീറ്റയിൽ കലർന്നിരിക്കുന്നതെന്ന പരിശോധന നടക്കുന്നുണ്ട്.
എന്നാൽ കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പ് വരുന്നുന്നത് സംബന്ധിച്ച് കർശന നടപടിയെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് മാസങ്ങൾക്ക് മുൻപ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കർഷക കോൺഗ്രസ് ജില്ല സെകട്ടറി എബി ഐപ്പ് പറഞ്ഞു. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ കർഷകരെ കൂടുതൽ കടക്കെണിയിലാക്കിയിരിക്കുകയാണ് ഈ സംഭവം.