കോട്ടയം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇപ്പോഴും വാക്കുകളിൽ മാത്രം ഒതുങ്ങുന്നു. ചങ്ങനാശ്ശേരി എം സി റോഡ് പുറമ്പോക്കിലെ താമസക്കാര്‍ക്ക് മഹാ പ്രളയത്തില്‍ എല്ലാം നഷ്ടമായി. ഒരായുസു മുഴുവന്‍ ഇവരുണ്ടാക്കിയ വീടും ഉപകരണങ്ങളും വിലപ്പെട്ട രേഖകളും എല്ലാം പമ്പയാറും മണിമലയാറും കരകവിഞ്ഞ് ഒഴുകിയപ്പോള്‍ ഒലിച്ചു പോയി. 200 കുടുംബങ്ങളാണ് വഴിയാധാരമായത്. ഇഷ്ടികയും ഷീറ്റും കൊണ്ടും നിര്‍മിച്ചവയായിരുന്നു ഇവരുടെ വീടുകളിലധികവും.
തിരികെ താമസ സ്ഥലത്ത് ഇവര്‍ എത്തിയപ്പോള്‍ ഒന്നും അവശേഷിച്ചിരുന്നില്ല. പിന്നെ താത്ക്കാലിക സമ്പാദ്യം കൊണ്ട് കെട്ടി പൊക്കിയ ഒറ്റമുറി കുടിലുകളിലേക്ക് ഇവര്‍ താമസം മാറ്റി. പ്രളയ ശേഷം നഷ്ട പരിഹാരമായി വെറും പതിനായിരം രൂപ മാത്രമാണ് ഇവര്‍ക്ക് കിട്ടിയത്. റോഡ് വീതി കൂട്ടാന്‍ പോകുന്നുവെന്നും അതിനാല്‍ ഇനിയൊന്നും നല്‍കാന്‍ കഴിയില്ലെന്നും അധികൃതര്‍ ഇവരെ അറിയിച്ചു. എന്നാല്‍ നിയമ പ്രകാരം ഇവിടെ താമസിക്കുന്നവര്‍ക്ക് പട്ടയത്തിന് അര്‍ഹതയുണ്ട്. പട്ടയം നല്‍കാനോ മറ്റു നഷ്ട പരിഹാര പക്കേജുകള്‍ നല്‍കാനോ അധികൃതര്‍ തയ്യാറായില്ല. അധികൃതരുടെ തികഞ്ഞ അവഗണനയാണ് തങ്ങള്‍ നേരിടുന്നതെന്നാണ് ഇവിടെയുള്ളവര്‍ പരിഭവം പറയുന്നു. ഒറ്റമുറി വീടുകളില്‍ തിങ്ങി കഴിയുന്നതിനാല്‍ രോഗം പിടിപ്പെടുന്നതും സ്ഥിരമാണിവര്‍ക്ക്. ഇതിനിടക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്ന് വാഗ്ദാനങ്ങള്‍ നല്‍കി പോയതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.