കോട്ടയം: കേരളത്തില്‍ പ്രളയം തുടര്‍ക്കഥയാകുമ്പോഴും പ്രളയത്തെ അതിജീവിക്കുന്ന ഒരു അത്ഭുത വീടുണ്ട് കോട്ടയത്ത്. വെള്ളം പൊങ്ങുമ്പോൾ വെള്ളത്തിനൊത്ത് ഉയരുന്ന ഒരു വീട്. പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഗോപാല കൃഷ്‌ണൻ ആചാരി നിർമ്മിച്ചിട്ട് രണ്ടുവർഷങ്ങളായി.
2018 ലെ പ്രളയo നേരിൽ കണ്ട അനുഭവത്തിൽ നിന്നാണ് പ്രളയം അതിജീവിക്കുന്ന വീട് എന്ന ആശയത്തിലേക്ക് ഗോപാലകൃഷ്‌ണൻ ആചാരി എത്തിയത്. അതിനു മുൻപേ ഈ ആശയം മനസിലുണ്ടായിരുന്നെങ്കിലും പ്രളയo വന്നതോടെ മനസിലെ ആശയം യാഥാർത്ഥ്യമാക്കി. എത്ര വെള്ളം പൊങ്ങിയാലും അതിനനുസരിച്ച് വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന വീട് യാഥാർത്ഥ്യമായി.
ALSO READ: KSRTC: മൂന്നാര്‍, മലക്കപ്പാറ യാത്രകള്‍ ക്ലിക്ക്; വരുമാനത്തിലും റെക്കോഡിട്ട് മലപ്പുറം ഡിപ്പോ
നിര്‍മ്മാണത്തിന് ആരും പണം മുടക്കാൻ തയാറാകാതെ വന്നപ്പോൾ സ്വയം പണം മുടക്കി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ഒരു വീടു നിർമ്മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഗോപാലകൃഷ്‌ണൻ ആചാരിയുടെ മനസിലെ ആശയം പോലെ കോട്ടയം ചങ്ങനാശേരി വാഴപ്പള്ളിയില്‍ വെള്ളം തൊടാത്ത വീട് ഉയര്‍ന്നു.
1200 സ്ക്വയർ ഫീറ്റില്‍ എല്ലാ സൗകര്യങ്ങളും
വെള്ളപൊക്കം ഉണ്ടാകുമ്പോൾ മനുഷ്യപ്രയത്നമില്ലാതെ പത്തടിയിലേറെ പൊക്കത്തിൽ വീട് തനിയെ ഉയർന്നു നിൽക്കും. അതുകൊണ്ടു തന്നെ ഒരുപാട് അപകടങ്ങള്‍ ഒഴിവാക്കാം. ഒരു ടാങ്കിൽ നാലു മൂലകളിൽ നാല് പിസ്‌റ്റണിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും അടിയിൽ എയർ ടൈറ്റായ പ്ലാസ്‌റ്റിക് വീപ്പകൾ നിരത്തിയിരിക്കുന്നു. അതിന് മുകളിലെ ഫ്രെയിമിലാണ് അടിത്തറ തീർത്തിരിക്കുന്നത്. വെള്ളത്തില്‍ ഉയർന്നാലും വീടിന്‍റെ ബാലൻസ് നഷ്ടമാകില്ല എന്ന പ്രത്യേകതയും ഇതിനുണ്ട്.
കല്ലും മണ്ണും ഇഷ്‌ടികയും അല്ലാതെ ജി.ഐ പൈപ്പും മൾട്ടി വുഡും ആണ് ഉപയോഗിച്ചിരിക്കുന്നത്. മേൽക്കൂര ടിൻ ഷീറ്റാണ്. തറയിൽ ടൈലുകൾ ഒട്ടിച്ചിട്ടുണ്ട്. ഹാളും കിടപ്പുമുറികളും കുളിമുറിയും കക്കൂസും ഒക്കെ ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
കാർപോർച്ചിൽ വാഹനങ്ങൾ ഉണ്ടെങ്കിൽ അവയും വീടിനൊപ്പം പൊങ്ങും. കക്കൂസ് ടാങ്കും അതുപോലെ വീടിനൊത്ത് ഉയരും. വീടിനകത്ത് ഒരിക്കലും വെള്ളം കയറുകയില്ല.
ALSO READ: മാവോയിസ്റ്റ് സംഘത്തലവന്‍ കൃഷ്‌ണമൂര്‍ത്തിയും സാവിത്രിയും റിമാന്‍ഡില്‍
സർക്കാർ അംഗീകാരം ഇനിയും സ്വപ്‌നം
അതേ സമയം സർക്കാർ ഇതുവരെ ഈ കണ്ടുപിടുത്തത്തെ അംഗീക്കരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്‌തിട്ടില്ല. റീ ബിൽഡ് കേരളയിൽ ഈ വീടുകളുടെ പദ്ധതി ഉൾപ്പെടുത്തിയിട്ടുമില്ല. സർക്കാർ സഹായമുണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ വീടുകള്‍ വെയ്‌ക്കാം.
ഈ സംവിധാനം ഉപയോഗപ്പെടുത്താനായാല്‍ കുട്ടനാട്ടിലും പടിഞ്ഞാറൻ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് വീടുകൾ വെള്ളത്തിൽ മുങ്ങുന്നതിൽ നിന്നു രക്ഷനേടുകയും ചെയ്യാം. എന്നാൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഗോപാല കൃഷ്‌ണൻ ആചാരി പറഞ്ഞു.
എഞ്ചിനീയറിങ് വിദ്യാർഥികളുടെ പ്രോജക്‌ട് ആയി ഈ ഒഴുകുന്ന വീട് മാറി. പല നാടുകളിൽ നിന്നും ആളുകൾ വീടിന്‍റെ സാങ്കേതികവിദ്യ അറിയാൻ ഗോപാലകൃഷ്‌ണന്‍ ആചാരിയെ വിളിച്ചു.
വിദ്യാർത്ഥികൾക്ക് പുതിയ അറിവായി കണ്ടു പിടിത്തം മാറിയതില്‍ ഗോപാലകൃഷ്‌ണൻ ആചാരി അതീവ സന്തോഷവാനാണ്. അതേ സമയം പ്രളയവും പേമാരിയും കേരളത്തിൽ അടിക്കടി ഉണ്ടാകുമ്പോഴും പ്രളയത്തെ അതിജീവിക്കുന്ന ഇദ്ദേഹത്തിന്‍റെ കണ്ടുപിടുത്തത്തെ സർക്കാർ പരിഗണിക്കുന്നില്ല എന്നതാണ് വിചിത്രം.