കോട്ടയം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയ്‌ക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്‌സ് ബോർഡുകൾ. കോട്ടയം ഈരാറ്റുപേട്ടയിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് വളരട്ടെ എന്നാണ് ബോർഡിൽ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാലാ കൊട്ടാരമറ്റത്തും ശശി തരൂരിനായി ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. കോൺഗ്രസിന്‍റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്നതായിരുന്നു കൊട്ടാരമറ്റത്തെ ഫ്ലക്‌സ് ബോര്‍ഡുകളിൽ കുറിച്ചിരുന്നത്. എന്നാല്‍ ഇത് സ്ഥാപിച്ചത് ആരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ബോര്‍ഡിലുണ്ടായിരുന്നില്ല.
ഫ്ലക്‌സ് വച്ചതിന് പിന്നാലെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ശശി തരൂരിന് അനുകൂലമായ പ്രമേയം പാസാക്കി. തോട്ടയ്‌ക്കാട് 140, 141 നമ്പർ ബൂത്തുകളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്. കോൺഗ്രസിന്‍റെ വളർച്ചയ്ക്ക് ശശി തരൂർ അധ്യക്ഷനാകണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ഡിസിസിയ്ക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു.
കേരളത്തിലെ യുവ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂര്‍ എംപിയെ പിന്തുണച്ച് സമൂഹമധ്യമങ്ങളിലും ഇതിനോടകം പോസ്‌റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. കെഎസ് ശബരീനാഥന്‍, ഹൈബി ഈഡന്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് തരൂരിന് പിന്തുണയുമായി രംഗത്തെത്തിയത്.