കോട്ടയം: കനത്ത മഴയില്‍ ജില്ലയിലെ മത്സ്യ കര്‍ഷകര്‍ക്ക് വന്‍ നാശനഷ്‌ടം. കിഴക്കന്‍ വെള്ളത്തിന്‍റെ വരവില്‍ വൈക്കം മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശം റിപ്പോര്‍ട്ട് ചെയ്‌തത്. വാളോർമംഗലത്തെ കുന്നക്കാട്ടുവേലിൽ മാമലശേരിൽ സി.ബി രഘുവിന്‍റെ ഫാമിലെ മത്സ്യ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി.
രണ്ടേമുക്കാൽ ഏക്കർ വിസ്‌തൃതിയുള്ള ഫാമാണ് നശിച്ചത്. കനത്ത മഴയില്‍ കിഴക്കൻ വെള്ളം കലർന്നാണ് ഫാമിലെ മത്സ്യങ്ങള്‍ ചത്തതെന്നാണ് വിലയിരുത്തുന്നത്. 10 ലക്ഷത്തിന്‍റെ നഷ്‌ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. നശിച്ചവയില്‍ പൂർണ വളർച്ചയെത്തിയ കരിമീനുകളാണ് ഏറെയും.
ഒരു ലക്ഷത്തിലധികം കരിമീനുകൾ, കട്‌ല, രോഹു തുടങ്ങിയ മത്സ്യങ്ങളെയാണ് ഇവിടെ വളർത്തിയിരുന്നത്. വെള്ളപ്പൊക്കം ഉണ്ടായാൽ മത്സ്യങ്ങൾ ഒഴുകി പോകാതിരിക്കാൻ ചുറ്റിനും വലകള്‍ സ്ഥാപിച്ചിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത് കർഷകര്‍ക്ക് കനത്ത പ്രഹരമായി.
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ മത്സ്യകൃഷി ആരംഭിച്ചത്. ലക്ഷങ്ങൾ ബാങ്ക് വായ്‌പ എടുത്തായിരുന്നു കൃഷി. കൃഷി ഓഫിസർ ലിറ്റി വർഗീസ്, മത്സ്യ ഫെഡ് അധികൃതർ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Also Read: കോട്ടയത്ത് മാനം തെളിഞ്ഞു: കിഴക്കൻ വെള്ളത്തിന്‍റെ വരവില്‍ ആശ്വാസം