കോട്ടയം: കോട്ടയം ജില്ലയിലെ ആദ്യ സൈബർ പൊലീസ് സ്റ്റേഷൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. ഒരു സി.ഐ ഉൾപ്പെടെ പതിനഞ്ച് ഉദ്യോഗസ്ഥരെയാണ് പുതിയ സ്റ്റേഷനിൽ നിയമിച്ചിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ തന്നെ സൈബർ പൊലീസ് സ്‌റ്റേഷൻ ആരംഭിക്കുകയെന്ന ആശയത്തിലേക്ക് എത്തിയത്. ഇതോടെ മുമ്പ് അതാത് സ്റ്റേഷനുകളിൽ സ്വീകരിച്ചിരുന്ന സൈബർ കുറ്റകൃത്യങ്ങൾ പൂർണ്ണമായും അന്വേഷിക്കുക പുതിയ സ്റ്റേഷനിലാവും. മൊബൈൽ ഫോൺ മോഷണം, സൈബർ തീവ്രവാദം, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കൽ, ഹാക്കിങ് തുടങ്ങി ഐ റ്റി ആക്ടിൻ്റെ കീഴിലുൾപ്പെടുന്ന കുറ്റകൃത്യങ്ങളാണ് സൈബർ പൊലീസ് പരിശോധിക്കുക.
കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് സൈബർ പൊലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതു ജനങ്ങൾക്ക് നേരിട്ടെത്തിയും ഇ മെയിൽ ആയും സൈബർ പരാതികൾ പൊലീസിനെ അറിയിക്കാം. സൈബർ പൊലീസ് സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ, സൈബർ സുരക്ഷ ഉപ്പാക്കുവാനും സമൂഹ മാധ്യമങ്ങൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കാനും സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും സാധിക്കുമെന്നതുമാണ് പ്രതീക്ഷ.