കോട്ടയം: മൂന്നിലവ് പഞ്ചായത്തിലെ മങ്കൊമ്പില്‍ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടിത്തത്തില്‍ വ്യാപകനാശം. വെള്ളറ സിഎസ്‌ഐ പള്ളിക്ക് സമീപത്തെ കുന്നിന്‍ ചെരിവിലാണ് തീ പടര്‍ന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ പടർന്ന തീ ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. ശക്തമായ കാറ്റിൽ സമീപത്തെ കൃഷിയിടങ്ങളിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. എരുമപ്രയിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് തീ പിടുത്തത്തിൽ കത്തി നശിച്ചത്.
കുളത്തിനാല്‍ കുഞ്ഞ്, കണ്ടത്തില്‍ ദേവസ്യ, നടുവിലേപ്പുര ജോസ്, അരിമാക്കല്‍ ജോയി, കുഴിക്കാത്തൊട്ടിയില്‍ തങ്കമ്മ എന്നിവരുടെ സ്ഥലം കത്തി നശിച്ചു. ഈരാറ്റുപേട്ടയില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വൈദ്യുതക്കമ്പികള്‍ കൂട്ടിയിടിച്ചുണ്ടായ തീ ഉണങ്ങിയ ഇലകളില്‍ വീണതാണ് തീ പടരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാൽ കൃഷിയടങ്ങളോട് ചേർന്ന് കപ്പ വാട്ടുന്ന കളത്തിൽ നിന്നുമാണ് കൃഷിയിടങ്ങളിലേക്ക് തീ പടർന്നതെന്നും ആരോപണവുമുണ്ട്. തീ നിയന്ത്രണവിദേയമായതോടെ കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ നാശനഷ്ട്ടത്തിന്‍റെ തോത് വിലയിരുത്താൻ ജില്ലാ കലക്ടർ നിർദേശം നൽകി.