കോട്ടയം: ഉറക്കത്തില്‍ വസ്ത്രത്തിൽ തീപടര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ക്യാന്‍സര്‍ രോഗിയായ സ്‌ത്രീ മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ സ്വദേശിനി ലൂസി ഈപ്പനാണ് (47) മരിച്ചത്. മുറിയില്‍ ഒപ്പമുണ്ടായിരുന്ന 19 വയസ്സുകാരനായ ബുദ്ധിമാന്ദ്യമുള്ള മകന്‍ തീപ്പെട്ടി ഉരച്ചപ്പോള്‍ അബന്ധത്തിൽ തീ പടര്‍ന്നതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്‌ച രാത്രിയിലാണ് സംഭവമുണ്ടായത്.
രാത്രിയിൽ ധരിച്ചിരുന്ന നൈറ്റിയില്‍ തീ പടര്‍ന്നതോടെ ലൂസി എണീറ്റെങ്കിലും ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവസമയത്ത് അടുത്ത മുറിയിലുണ്ടായിരുന്ന മറ്റു മക്കള്‍ അയല്‍വാസികളെ വിളിച്ചു വരുത്തിയാണ് ലൂസിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് ലൂസി മരണപ്പെട്ടത്.
ബുദ്ധിമാന്ദ്യമുള്ള മൂന്നാമത്തെ മകന്‍ ജോമോന്‍ ഉറങ്ങിയ ശേഷമാണ് താന്‍ ഉറങ്ങാറുള്ളതെന്നും എന്നാൽ ഞായറാഴ്‌ച നേരത്തെ ഉറങ്ങിപ്പോയെന്നുമാണ് ലൂസി മരിക്കുന്നതിനു മുന്‍പ് പൊലീസിനു നല്‍കിയ മൊഴി. സംഭവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരനായ മകന്‍ ജോമോൻ്റെ ചികിത്സാ വിവരങ്ങളും, ഡോക്‌ടര്‍മാരുടെ പരിശോധന സര്‍ട്ടിഫിക്കറ്റുകളും പൊലീസ് കോടതിയില്‍ ഹാജരാക്കും.
കോടതിയുടെ നിര്‍ദേശ പ്രകാരമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും പൊലീസ് വ്യക്‌തമാക്കി. നാലു മക്കളുള്ള ഇവരുടെ ഭര്‍ത്താവ് ഈപ്പന്‍ വീട്ടിലെത്താറില്ലെന്നും പൊലീസ് പറഞ്ഞു. ജെയ്‌സണ്‍, ജോയ്‌സ്, ജോബി എന്നിവരാണ് ഇവരുടെ മറ്റ് മക്കള്‍.