കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്‍റ് കാമറാമാന്‍ അറസ്റ്റില്‍. മുണ്ടക്കയം പുത്തന്‍ വീട്ടില്‍ സുഹൈല്‍ സുലൈമാനാണ് (28) അറസ്റ്റിലായത്. 225 ഗ്രാം കഞ്ചാവും ഇത് തൂക്കി നോക്കുന്നതിനായി ഉപയോഗിച്ചരുന്ന ഇലക്‌ട്രോണിക് ത്രാസും ഇയാളില്‍ നിന്ന് കണ്ടെത്തി. വെള്ളിയാഴ്‌ച (മെയ് 9) വൈകിട്ടാണ് ഇയാളെ എക്‌സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിലും എക്‌സൈസ് സംഘം പരിശോധന നടത്തി. വീട്ടിലെ കിടപ്പ് മുറിയില്‍ നിന്നും 50 ഗ്രാം വീതമുള്ള കഞ്ചാവിന്‍റെ പാക്കറ്റുകളും എക്‌സൈസ് കണ്ടെത്തി. കിടക്കയ്‌ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വീട്ടില്‍ പരിശോധനക്കെത്തിയ സംഘത്തെ വീട്ടുക്കാര്‍ തടഞ്ഞെങ്കിലും പരിശോധന നടത്തുകയായിരുന്നു.
മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എകസൈസ് സംഘം പറഞ്ഞു. 50 ഗ്രാം കഞ്ചാവ് 2000 രൂപയ്‌ക്കാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. കോളജ് വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.
മുണ്ടക്കയം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ കഞ്ചാവ് കൈമാറുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആഴ്‌ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. 18 വയസിനും 23 വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളെയാണ് ഇയാള്‍ കഞ്ചാവിന് ഇരകളാക്കുന്നത്.
ഇയാളുടെ മൊബൈല്‍ ഫോണും സംഘം കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത മൊബൈലില്‍ കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി പേര്‍ ബന്ധപ്പെട്ടുവെന്ന് സംഘം പറഞ്ഞു. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിക്കുന്നവര്‍, വിതരണക്കാര്‍ എന്നിവരെ കുറിച്ചും എക്‌സൈസ് അന്വേഷണം ആരംഭിച്ചു.
നീല വെളിച്ചം, ഹിഗ്വിറ്റ, ചതുരം എന്നീ ചിത്രങ്ങളില്‍ ഇയാള്‍ കാമറാമാനായി പ്രവര്‍ത്തിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.
കഞ്ചാവ് വാങ്ങിയയാളും പിടിയില്‍: കഴിഞ്ഞ ദിവസം ഇയാള്‍ വാങ്ങിയ കഞ്ചാവ് കൈപ്പറ്റിയ യുവാവിനെതിരെയും എക്‌സൈസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആരോമല്‍ സജിക്കെതിരെയാണ് കേസെടുത്തത്. 5000 രൂപയ്‌ക്ക് സുഹൈല്‍ സുലൈമാന്‍ വാങ്ങിയ കഞ്ചാവ് ഇയാള്‍ക്കാണ് നല്‍കിയതെന്ന് സംഘം പറഞ്ഞു.
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ രാജേഷ് ജോൺ പ്രിവൻ്റീവ് ഓഫിസർ ബിനോദ് കെ ആർ, പ്രിവൻ്റീവ് ഓഫിസർമാരായ (ഗ്രേഡ്) അനിൽകുമാർ, നൗഷാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി, നിമേഷ് കെഎസ്, പ്രശോഭ് കെവി, ഹരിത മോഹൻ, എക്സൈസ് ഡ്രൈവർ അനിൽ കെകെ എന്നിവരാണ് പ്രതിയെ പിടികൂടിയത്.