കോട്ടയം: റബർ ബോർഡ് ആസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. റബറിന് 300 രൂപ തറ വില നിശ്ചയിച്ച് സബ്‌സിഡി നൽകുക, റബർ ഇറക്കുമതിക്ക് കാരണമാകുന്ന സ്വതന്ത്ര വ്യാപാര കരാറുകളിൽ നിന്നും ഇന്ത്യ പുറത്തുവരിക, കർഷകർക്ക് 10,000 രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച്. നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയും രാഷ്ട്രീയ കിസാൻ മഹാസംഘവും സംയുക്തമായാണ് ഇന്നലെ മാർച്ച് സംഘടിപ്പിച്ചത്.
രാവിലെ കോട്ടയം ലൂര്‍ദ് പള്ളിക്ക് സമീപത്തു നിന്നാരംഭിച്ച കര്‍ഷക മാര്‍ച്ച് കലക്ട്രേറ്റ്, പൊലീസ് ഗ്രൗണ്ട് ചുറ്റിയാണ് റബര്‍ ബോര്‍ഡ് കേന്ദ്ര ഓഫിസിന് മുമ്പിലേക്ക് എത്തിച്ചേർന്നത്. തുടര്‍ന്ന് ചേർന്ന സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനറും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ. വി സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്‌തു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, തുടങ്ങിയവർ സംസാരിച്ചു.