കോട്ടയം: പ്രശസ്‌ത ഓട്ടൻ തുള്ളൽ വിദ്വാൻ തൃക്കൊടിത്താനം ഗോപാലകൃഷ്‌ണൻ (63)അന്തരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 34 വർഷമായി ഓട്ടൻ തുള്ളൽ രംഗത്ത് നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.
ആൾ ഇന്ത്യ റേഡിയോയിലും, ദൂരദർശനിലും പരിപാടി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം 1000ൽ പരം ക്ഷേത്രങ്ങളിൽ ഇതിനോടകം ഓട്ടൻ തുള്ളൽ നടത്തിയിട്ടുണ്ട്. തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിലെ ദീപ മഹോത്സവത്തിന് 25 വർഷമായി തുടർച്ചയായി ഓട്ടൻ തുള്ളൽ അരങ്ങേറിയിരുന്നു. കൂടാതെ സ്‌കൂൾ കലോത്സവത്തിന് നിരവധി കുട്ടികളെ ഓട്ടൻ തുള്ളൽ പഠിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
നിരവധി ശിഷ്യ ഗണങ്ങളും അദ്ദേഹത്തിനുണ്ട്. 36 വർഷം തൃക്കൊടിത്താനം ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂള്‍, പായിപ്പാട് പൊടിപ്പാറ സ്‌കൂളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാമ്പാടി നെടുമാവ് മുക്കാടി ശങ്കര മംഗലം വീട്ടിൽ വച്ച് നടക്കും.