കോട്ടയം: പ്രമുഖരുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചുകൊണ്ടുള്ള സാമ്പത്തിക തട്ടിപ്പ് തുടർക്കഥയാകുന്നു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രധാനമായും വ്യാജ അക്കൗണ്ടുകളിലൂടെയുള്ള തട്ടിപ്പ് നടക്കുന്നത്. നേരത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ, ഡിജിപി അനിൽ കാന്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ പേരിൽ തട്ടിപ്പ് നടന്നിരുന്നു.
നൈജീരിയൻ സംഘമാണ് സാമ്പത്തിക വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇപ്പോൾ കോട്ടയം ജില്ല കലക്‌ടർ പി.കെ ജയശ്രീയുടെ പേരിലും തട്ടിപ്പിനുള്ള ശ്രമം നടന്നിരിക്കുകയാണ്. കലക്‌ടറുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫൈൽ ഉപയോഗിച്ചാണ് സന്ദേശം അയയ്ക്കുന്നത്.
സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശമാണ് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിലൂടെ പ്രചരിക്കുന്നത്. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്കാണ് ഇത്തരത്തിൽ മെസേജുകൾ അയച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള 9315539098 എന്ന നമ്പരിൽ നിന്നാണ് മെസേജുകൾ അയക്കുന്നത്.
ആദ്യം കുശലാന്വേഷണത്തിൽ ആരംഭിച്ച് പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലാണ് സന്ദേശം. ചെറിയ തുകകളാണ് പലരിൽ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. സന്ദേശം ലഭിച്ച പലരും താനുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് വിവരം അറിഞ്ഞതെന്ന് കലക്‌ടർ ജയശ്രീ പറയുന്നു.
ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കലക്‌ടർ അറിയിച്ചു. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.