കോട്ടയം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് കേരള സര്‍ക്കാരിന്‍റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവായി സേതുവിനെ തെരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് എഴുത്തച്ഛൻ പുരസ്‌കാരം.
കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും, പ്രൊഫസര്‍ എം.കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം.വി നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണയ സമിതിയാണ് 2022ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്‌ഠമായി ശുപാര്‍ശ ചെയ്‌തത്. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വചനങ്ങള്‍ക്ക് അതീതനായി നിന്ന് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധ ചെലുത്തുന്ന എഴുത്തുകാരനാണ് സേതു. പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്‌മജാഗ്രത അദ്ദേഹത്തെ വ്യത്യസ്‌തമാക്കുന്നുവെന്നും പുരസ്‌കാര നിർണയ സമിതി പറഞ്ഞു.
മലയാള കഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. 1942ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ച സേതു പാലിയം ഹൈസ്‌കൂളിലും ആലുവ യുസി കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിലും റെയിൽവേയിലും ജോലി ചെയ്‌ത ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്‍റെ ഡയറക്‌ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികൾ അദ്ദേഹം അലങ്കരിച്ചു.
ആലുവയില്‍ കടുങ്ങല്ലൂരിലെ പ്രശാന്തസുന്ദരമായ അന്തരീക്ഷമുള്ള വീട്ടില്‍ സേതു അക്ഷരത്തെ ഉപാസിച്ചുകൊണ്ട് എണ്‍പത് വയസ് പിന്നിടുകയാണ്. മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും അദ്ദേഹത്തെ തേടിവന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്. വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ക്കും അദ്ദേഹത്തിന്‍റെ കഥകള്‍ അടിസ്ഥാനമായി.
മറുപിറവി, പാണ്ഡവപുരം, ഏഴാം പക്കം, കൈമുദ്രകൾ, നവഗ്രഹങ്ങളുടെ തടവറ (പുനത്തിൽ കുഞ്ഞബ്‌ദുള്ളയുമൊത്ത്), അടയാളങ്ങൾ (നോവലുകൾ), തിങ്കളാഴ്‌ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങൾ, ആശ്വിനത്തിലെ പൂക്കൾ, പ്രകാശത്തിന്‍റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്‌നങ്ങൾ, അരുന്ധതിയുടെ വിരുന്നുകാരൻ, ദൂത്, ഗുരു (കഥ), അപ്പുവും അച്ചുവും, ചേക്കുട്ടി (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, ഓടക്കുഴൽ പുരസ്‌കാരം, വിശ്വദീപം പുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ‘പാണ്ഡവപുരം’ എന്ന നോവലിനും ‘പേടിസ്വപ്‌നങ്ങൾ’ എന്ന കഥയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അടയാളങ്ങൾ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ചേക്കുട്ടി’ എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും ലഭിച്ചു.