കോട്ടയം: കൊവിഡ് നിയന്ത്രണത്തിലും ഭക്തിസാന്ദ്രമായി ഏഴരപ്പൊന്നാന ദര്‍ശനം. ഏറ്റൂമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് ഏഴരപ്പൊന്നാന. തടിയില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞ രണ്ടടി പൊക്കമുള്ള ഏഴ് ആനകളും സ്വര്‍ണകൊണ്ട് നിര്‍മിച്ച ഒരടി പൊക്കമുള്ള ഒരു കുട്ടിയാനയുമാണ് ഏഴരപൊന്നാന. ക്ഷേത്രത്തിലെ അറയ്‌ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഏഴരപൊന്നാനയെ എട്ടാം ഉത്സവത്തിനും ആറാട്ടിനും മാത്രമാണ് പുറത്തിറക്കുന്നത്. ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തിലാണ് പൊന്നാന ദര്‍ശനം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇക്കുറി 5000 പേര്‍ക്ക് മാത്രമായിരുന്നു ദര്‍ശനം. ഞായറാഴ്‌ച രാത്രി 12 മണി മുതല്‍ ആരംഭിച്ച ദര്‍ശനത്തില്‍ ഒരു സമയം 50 പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് വിശ്വാസികളെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. പള്ളിവേട്ട ദിവസമായ ഇന്നും ആറാട്ട് ദിവസമായ നാളെയും 5000 പേര്‍ക്ക് വീതം പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ആറാട്ട് എഴുന്നള്ളിപ്പില്‍ പറ അന്‍പൊലി വഴിപാട് സ്വീകരിക്കില്ല. ആറാട്ട് എഴുന്നള്ളിപ്പില്‍ പങ്കെടുക്കാന്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. പേരൂരിലെ ആറാട്ട് കടവിലും ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല.