കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രദേശവാസികള്‍ കണമലയിൽ പ്രതിഷേധം നടത്തിയത്. വഴിതടയൽ, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എരുമേലി പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ആക്രമണത്തെ തുടർന്ന് പോത്തിനെ വെടിവയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് പോത്തിനെ വെടിവയ്ക്കാൻ കലക്‌ടർ ഉത്തരവിട്ടിരുന്നു. ഷെഡ്യൂൾ ഒന്നിൽപെട്ട മൃഗം ആയതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതിയോടെ മാത്രമേ വെടിവയ്‌ക്കാൻ പറ്റുകയുള്ളു. എന്നാല്‍ ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വയ്‌ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും. അതേസമയം പോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വെടിവയ്‌ക്കാൻ തേക്കടിയിൽ നിന്നുള്ള സംഘവും കണമല ഭാഗത്തെത്തിയിട്ടുണ്ട്.
കോട്ടയം എരുമേലിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരുടെയും സംസ്‌കാരം ശനിയാഴ്‌ച നടക്കും. എരുമേലി കണമല സ്വദേശികളായ പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് കഴിഞ്ഞദിവസം രാവിലെ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കണമല-ഉമികുപ്പ റോഡരികിലുള്ള തന്‍റെ വീടിന്‍റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴാണ് ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോമാച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ തോമാച്ചനും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതിഷേധവും സര്‍ക്കാര്‍ ഉത്തരവും: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെ കണമലയിൽ പ്രതിഷേധവും ശക്തമായി. സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാർ റോഡിൽ വാഹനങ്ങൾ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി. മാത്രമല്ല ആന്‍റോ ആന്‍റണി എംപി, തിരുവഞ്ചൂർ രാധാകൃഷണൻ എന്നിവർ സംഭവസ്ഥലത്തെത്തി ശബരിമല തീർഥാടകരുടെ വാഹനങ്ങൾ അടക്കം തടഞ്ഞിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ടാണ് ഗതാഗത തടസം നീക്കിയത്. കൂടാതെ കാട്ടുപോത്തിനെ വെടിവയ്‌ക്കാൻ ഉത്തരവ് വന്നതിന് ശേഷവും നാട്ടുകാർ പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാൻ തയാറായിരുന്നില്ല.
കഴിഞ്ഞദിവസം എരുമേലി തുമരംപാറയിൽ വന്യജീവിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചത്ത സംഭവവും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. വന്യമ്യഗ ശല്യം ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി വി.എന്‍ വാസവന്‍റെ നിര്‍ദേശ പ്രകാരം ജില്ല കലക്‌ടര്‍ കാട്ടുപോത്തിനെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു.
ചാലക്കുടിയിലുമെത്തി കാട്ടുപോത്ത്: ഇതിനിടെ തൃശൂര്‍ ചാലക്കുടിയില്‍ ജനവാസ മേഖലയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മേലൂര്‍ വെട്ടുകടവ് ഭാഗത്താണ് പ്രദേശവാസികള്‍ കാട്ടുപോത്തിനെ കണ്ടത്. പോത്തിനെ കണ്ട് ആളുകള്‍ ബഹളം വച്ചതോടെ ഇത് വെട്ടുകടവ് പാലത്തിന് സമീപമുള്ള പറമ്പിലേക്ക് ഓടിക്കയറി അവിടെ നിലയുറപ്പിച്ചു. തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് കാട്ടുപോത്തിനെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ പ്രദേശത്ത് കണ്ട പോത്ത് ആക്രമണകാരിയല്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഒരുവര്‍ഷം മുമ്പും ഇത്തരത്തില്‍ കാട്ടുപോത്ത് സമീപ പ്രദേശത്തെ ജനവാസമേഖലയില്‍ എത്തിയിരുന്നു. ഈ സമയം പ്രദേശവാസികളെ ആശങ്കയിലാക്കിയ പോത്തിനെ മയക്കുവെടി വച്ച് പിടികൂടി കാട്ടില്‍ വിടുകയായിരുന്നു.