കോട്ടയം: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി വര്‍ഷം തോറും നല്‍കിവരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന് ആക്ഷേപം. ഈരാറ്റുപേട്ട നഗരസഭയ്ക്ക് എതിരെയാണ് ആരോപണം. പോയവര്‍ഷങ്ങളില്‍ മൂന്നിലൊന്ന് പണം നല്‍കിയപ്പോള്‍ ഇത്തവണ ഒരു രൂപപോലും ലഭിച്ചില്ലെന്നാണ് പരാതി. തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തി. സര്‍ക്കാര്‍ വിഹിതമായി 28,500 രൂപവീതമാണ് ഓരോ വിദ്യാര്‍ഥിക്കും അനുവദിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പോയവര്‍ഷങ്ങളില്‍ 9000 രൂപയോളം മാത്രമാണ് ലഭിച്ചത്. കുട്ടികള്‍ കൂടുതലായതിനാല്‍ ലഭിക്കുന്ന തുക വിഭജിക്കുമ്പോള്‍ ഇത്രയുമെ ലഭിക്കൂ എന്നാണ് അധികൃതര്‍ പറയുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. എന്നാല്‍ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള തുക നഗരസഭയില്‍ ലഭിക്കുന്നുണ്ടെന്നും ആ തുക വകമാറ്റുകയാണെന്നുമാണ് ആരോപണം. 127-ഓളം കുട്ടികള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്.
ഉടന്‍തന്നെ തുക ലഭിച്ചില്ലെങ്കില്‍ ഇത് നഷ്ടമാകുമെന്നാണ് ഇവരുടെ ആശങ്ക. ലൈഫ് പദ്ധതിയിലേക്ക് അടക്കം പണം വകമാറ്റിയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് രക്ഷിതാക്കളും മൂന്ന് കുട്ടികളും പ്രതിഷേധവുമായി നഗരസഭക്ക് മുന്നിലെത്തിയിരുന്നു. പ്രതിഷേധ ധര്‍ണ ലക്ഷ്യമിട്ടിരുന്നെങ്കിലും പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ ഉപേക്ഷിച്ചു. ചെയര്‍മാനുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ലെന്ന് രക്ഷിതാക്കളില്‍ ഒരാളായ അഷ്‌റഫ് പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ തുക നല്‍കാമെന്നാണ് അറിയിച്ചതെന്നും പതിനായിരം രൂപയില്‍താഴെ മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളു എന്നും ഇവര്‍ ആശങ്കപ്പെടുന്നു.