കോട്ടയം: ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വി.എം സിറാജ് രാജിവയ്ക്കും. ജൂൺ പത്തിന് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെയാണ് രാജി തീരുമാനം. മെയ് 15ന് പദവി രാജിവയ്ക്കണമെന്നായിരുന്നു കോൺഗ്രസ്- ലീഗ് മുൻധാരണ. രാജിവയ്ക്കില്ലെന്ന നിലപാടിനെതിരെ ലീഗില്‍ നിന്ന് തന്നെ എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് തീരുമാനം. കരാര്‍ തിയതി കഴിഞ്ഞിട്ടും മുസ്ലിം ലീഗ് പ്രതിനിധിയായ വി.എം സിറാജ് രാജിവയ്ക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ലീഗിന് ശേഷം കോണ്‍ഗ്രസിലെ നിസാര്‍ കുര്‍ബാനിയാണ് ചെയർമാൻ ആകേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം രാജിവെച്ചാല്‍ തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന വൈസ് ചെയര്‍പേഴ്‌സണ് സ്ഥാനം കിട്ടുമെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ചെയര്‍മാന്‍ രാജിക്ക് വിമുഖത പ്രകടിപ്പിച്ചത്.
പാണക്കാട് തങ്ങളാണ് തന്നെ ചെയര്‍മാനാക്കിയതെന്നും അദ്ദേഹം നിര്‍ദേശിച്ചാല്‍ രാജിവെയ്ക്കുമെന്നും സിറാജ് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് ഇടഞ്ഞു. ഇതിനെതിരെ പരസ്യ പ്രസ്താവനകളുമായി നിസാര്‍ കുര്‍ബാനിയടക്കം രംഗത്തു വന്നിരുന്നു. ഇതോടെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സിറാജിനുള്ള പിന്തുണ പിന്‍വലിച്ചു. എന്നാല്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഭിന്നത മൂലം ഈ നടപടിക്ക് എതിരെയും രണ്ട് പക്ഷമുണ്ടായി. പിന്നീട് വാര്‍ത്താ സമ്മേളനം നടത്തിയ ചെയര്‍മാന്‍ രാജിവെച്ചാല്‍ യുഡിഎഫിനുള്ള അധികാരം നഷ്ടമാകുമെന്നും തനിക്ക് ലീഗിന്‍റെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെയും പൂര്‍ണ പിന്തുണ ഉണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ലീഗിലെ ചില കൗണ്‍സിലര്‍മാര്‍ ഇത് തെറ്റാണെന്ന് പരസ്യമായി വ്യക്തമാക്കുകയായിരുന്നു. ഇതിനിടെ ഇടതുപക്ഷം ചെയര്‍മാനെതിരെ അവിശ്വാസ നോട്ടീസ് സമര്‍പ്പിച്ചു. സിറാജിനുള്ള പിന്തുണ പിന്‍വലിച്ച മൂന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഈ അവിശ്വാസ നോട്ടീസില്‍ ഒപ്പിട്ടു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം അഞ്ച് ലീഗ് കൗണ്‍സിലര്‍മാര്‍ നേതൃത്വത്തെ സമീപിച്ച് ചെയര്‍മാന്‍റെ രാജി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കി തുടങ്ങിയതിനാല്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രാജിവെയ്ക്കുന്നതെന്ന് വി.എം സിറാജ് പറഞ്ഞു. ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്നും കഴിഞ്ഞ ആറ് മാസത്തിനിടെ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതായും സിറാജ് പറഞ്ഞു.