കോട്ടയം: പ്രായമായി, അവശതയുണ്ട്... പക്ഷേ പരാശ്രയമില്ലാതെ ജീവിക്കണമെന്നാണ് ആഗ്രഹം. മരുന്ന് വാങ്ങാനെങ്കിലും സ്വന്തം അധ്വാനം കൊണ്ടുള്ള പണം വേണം...അങ്ങനെയാണ് കോട്ടയം അയ്‌മനം പ്രാപ്പുഴയിലെ ആശ്രയ വയോജന സംഘത്തിലെ അംഗങ്ങൾ കുട നിർമാണ ജോലിക്കായി സമീപത്തെ യുവ വനിത സംഘത്തെ സമീപിച്ചത്. പക്ഷേ പ്രായമായവരെ തങ്ങൾക്കൊപ്പം ചേർക്കാൻ യുവ വനിത സംഘം തയ്യാറായില്ല. വിട്ടുകൊടുക്കാൻ വയോജന സംഘവും ഒരുക്കമായിരുന്നില്ല.
സ്വന്തമായി ഒരു സംരംഭമെന്ന ആശയം അവിടെ രൂപം കൊണ്ടു. ഗ്രൂപ്പിലെ മൂന്ന് പേർ കോട്ടയം തെളളകത്തെ ചൈതന്യ പാസ്റ്ററൽ സെന്‍ററിൽ നിന്ന് കുട നിർമാണത്തിൽ പരീശീലനം നേടി. 11 പേര്‍ ചേർന്ന് ആശ്രയ എന്ന കൂട്ടായ്‌മ രൂപീകരിച്ചു. കോട്ടയത്ത് നിന്ന് കുടയുടെ കിറ്റ് വാങ്ങി ശീലയും പിടിയും പിടിപ്പിച്ചാണ് ഇവരുടെ നിര്‍മാണം.
60 മുതല്‍ 85 വയസുവരെ ഉള്ളവർ ഗ്രൂപ്പിലുണ്ട്. ഭർത്താക്കൻമാർ മരിച്ച ഒൻപത് പേരും ഈ ഗ്രൂപ്പിലുണ്ട്. നേരിട്ടും അല്ലാതെയും ആളുകൾ ഇവരില്‍ നിന്ന് കുട വാങ്ങുന്നുണ്ട്. സ്‌കൂളുകളില്‍ നിന്നും മറ്റും ഓർഡർ വരുന്നുണ്ട്.
കറുത്ത ശീലയുള്ള കുടയ്‌ക്ക് 350 രൂപയും കളർ കുടയ്ക്ക് 370 രൂപയുമാണ് വില. ഒരുമാസം 100 കുടകൾ വില്‍ക്കാറുണ്ട്. മഴക്കാലവും സ്‌കൂൾ തുറക്കലും വരുന്നുണ്ട്...വാർധക്യത്തിന് മുന്നില്‍ തോല്‍ക്കാൻ മനസില്ലാത്ത ഇവർക്ക് പ്രതീക്ഷയുണ്ട്. കുടകൾക്ക് ആവശ്യക്കാരെത്തും.. മരുന്ന് വാങ്ങാനുള്ള പണം സ്വന്തം അധ്വാനം കൊണ്ട് ലഭിക്കും. അതിനപ്പുറം എന്ത് സന്തോഷം....