കോട്ടയം: കേരളാ കോൺഗ്രസ് മാണിവിഭാഗത്തിൽ 58 വർഷത്തോളം കെ.എം മാണിയുടെ തോളോട് ചേർന്നു നിന്ന് പ്രവർത്തിച്ച മുതിർന്ന നേതാവ് ഇ.ജെ അഗസ്തി ജോസ് കെ.മാണി വിഭാഗം വിട്ട് ജോസഫ് വിഭാഗത്തിലേക്ക്. ജോസ്.കെ. മാണിയുടെ ഇടതു മുന്നണി പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് ഇ.ജെ അഗസ്തി യു.ഡി.എഫിനൊപ്പമുള്ള ജോസഫിനൊപ്പം ചേർന്നത്.
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫിസിലേക്ക് പി.ജെ ജോസഫിനൊപ്പം എത്തിയ ഇ.ജെ അഗസ്തിക്ക് ഊഷ്മളമായ സ്വീകരമാണ് യു.ഡി.എഫ് നേതാക്കൾ നൽകിയത്. യു.ഡി.എഫിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചുള്ള പ്രതികരണത്തിൽ കെ.എം മാണിയെ വൈകാരികമായി സ്‌മരിച്ച ഇ.ജെ അഗസ്തി ജോസ് കെ.മാണിയുടെ ഇടതു പ്രവേശനം ആത്മഹത്യ പരമെന്നും കേരള കോൺഗ്രസ് മാണി യു.ഡി.എഫിലെന്നും കേരള കോൺഗ്രസ് മാർക്സിസ്റ്റ് എൽ.ഡി.എഫിലെന്നും തുറന്നിടച്ചു.
യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കിയ ഇ.ജെ അഗസ്തി ഇടതിന് ജയ് വിളിക്കാൻ കേരളാ കോൺഗ്രസിനാവില്ലന്നും വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ജോസ് പക്ഷത്ത് നിന്നും മുതിർന്ന നേതാവിനെ പാളയത്തിലെത്തിച്ച ആത്മവിശ്വാസത്തിലാണ് ജോസഫ് ക്യാമ്പ്. ഇ. ജെക്കൊപ്പം ജോസ് വിഭാഗത്തിൽ നിന്നും ഒരു കൂട്ടം പ്രവർത്തകരും തങ്ങൾക്കൊപ്പമെത്തുമെന്ന പ്രതീക്ഷയും ജോസഫ് വിഭാഗം പുലർത്തുന്നുണ്ട്.