കോട്ടയം: എൻസിപി നേതൃയോഗത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ നേതാക്കൾക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി. എൻസിപി ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫ്രാൻസിസ് ജേക്കബ്, സാംജി പഴയപറമ്പിൽ, എക്സിക്യൂട്ടീവ് അംഗം സാബു എബ്രഹാം, കോട്ടയം ബ്ലോക്ക് പ്രസിഡന്‍റ് ബാബു കപ്പകാല, പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്‍റ് രാധാകൃഷ്ണൻ ഓണംപള്ളി എന്നിവരെയാണ് പാർട്ടിയുടെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്‍റ് ചെയ്തത്. സംഘടന വിരുദ്ധ പ്രവർത്തനം, അച്ചടക്ക ലംഘനം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവരെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെന്‍റ് ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പ് കോട്ടയത്തെ എൻസിപി നേതൃയോഗത്തിൽ പാർട്ടിയുടെ ജില്ലാ പ്രസിഡന്‍റിനെ മാറ്റിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രതിഷേധം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോടിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് അഞ്ച് നേതാക്കളെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെന്‍റ് ചെയ്തത്.