കോട്ടയം മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിനെ നെഞ്ചേറ്റിയിരിക്കുകയാണ്. വ്യത്യസ്ഥ പ്രചാരണ തന്ത്രങ്ങളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ തർക്കങ്ങളും വിവാദങ്ങളും അവസാനിപ്പിച്ചാണ് യുഡിഎഫ് പ്രചാരണം ശക്തമാക്കിയത്. അസ്വാരസ്യങ്ങളെ തുടർന്നുണ്ടായ ക്ഷീണം മറികടക്കാൻ പിജെ ജോസഫിനെ ഉൾപ്പടെ വേദിയിൽ എത്തിച്ചായിരുന്നു തോമസ് ചാഴികാടന്‍റെ മണ്ഡലം കൺവൻഷൻ. പ്രചാരണം ആരംഭിക്കാൻ വൈകിയതിനാൽ അതിവേഗം മുന്നിലെത്താനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് നേതൃത്വം മെനയുന്നത്.
കോട്ടയത്ത് നേരത്തേതന്നെ കൺവൻഷനുകൾ നടത്തി രണ്ടാംഘട്ട പ്രചാരണത്തിന്‍റെ അവസാനഘട്ടത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വിഎന്‍വാസവൻ. റോഡ് ഷോ ഉൾപ്പടെ നടത്തിയാണ് ഇടതുമുന്നണി പ്രചാരണത്തിന് ആക്കം കൂട്ടുന്നത്. എന്‍ഡിഎ സ്ഥാനാർഥി പിസിതോമസിന്‍റെ പ്രചാരണവും ശക്തമാണ്. സ്ഥാനാർഥി പട്ടികയായി ചർച്ച ആരംഭിക്കുന്നതിന് മുമ്പേ പിസി തോമസ് മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. എന്‍ഡിഎ കൺവൻഷനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ്ശ്രീധരൻ പിള്ളയും പങ്കെടുത്തു.