കോട്ടയം: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല തയാറാക്കിയ ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസിന് കേരളത്തിൽനിന്നുള്ള ശാസ്‌ത്രജ്ഞരിൽ ഒന്നാം സ്ഥാനം. പൊളിമർ സയൻസ്, നാനോ സയൻസ് ആൻ്റ് ടെക്നോളജി മേഖലകളിലെ പ്രമുഖ ശാസ്ത്രജ്ഞനും ഗവേഷകനുമാണ് സാബു തോമസ്. 35 പേരാണ് സംസ്ഥാനത്ത് നിന്ന് ഇടംപിടിച്ചിട്ടുള്ളത്.
ലോകത്തെ ഏറ്റവും ഉന്നതരായ രണ്ട് ശതമാനം ശാസ്ത്രജ്ഞരിൽ ഒരാളായ ഡോ.സാബു തോമസിന് ലോക റാങ്കിങ്ങിൽ പോളിമർ സയൻസ് വിഭാഗത്തിൽ 88-ാം സ്ഥാനം നേടാൻ കഴിഞ്ഞു. ഈ വിഭാഗത്തിൽപ്പെട്ട ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് ഡോ. സാബു തോമസിന്.
1090 ശാസത്ര പ്രബന്ധങ്ങളാണ് ഡോ.സാബു തോമസിൻ്റേതായി ഇതിനകം പുറത്ത് വന്നിട്ടുള്ളത്. ശാസ്ത്ര മേഖലയിൽ ഇതിനകം നേടിയിട്ടുള്ള ബഹുമതികൾ, പ്രബന്ധങ്ങൾ, പ്രസിദ്ധീകൃതമായ ശാസ്ത്ര ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ, രജിസ്റ്റർ ചെയ്തിട്ടുള്ള പേറ്റൻ്റുകൾ തുടങ്ങിയവയെല്ലാം വിശകലനം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് സർവകലാശാല റാങ്ക് പട്ടിക പുറത്തിറക്കിയത്.
ഇത്തരത്തിൽ ലോകത്തിലെ ഒരു ലക്ഷം ശാസ്ത്രജ്ഞരുൾപ്പെടുന്ന ഡാറ്റാ ബേസും സ്റ്റാൻഫോർഡ് സർവകലാശാല തയാറാക്കിയിട്ടുണ്ട്. ശാസ്ത്രജ്ഞരെ അവരുടെ ഗവേഷണ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ 22 മുഖ്യശാഖകളായും അവയ്ക്കു കീഴിൽ 176 ഉപശാഖകളായും തിരിച്ചാണ് ഡാറ്റാബേസ് തയാറാക്കിയിട്ടുള്ളത്.
സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഡോ.ജോൺ പി.എ. ലോന്നിഡിസിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ് റാങ്ക് പട്ടിക തയാറാക്കിയത്.
Also Read: എംജി സര്‍വകലാശാലയിലെ ജാതിവിവേചനം : ദീപ പി.മോഹൻ വീണ്ടും സമരത്തിലേക്ക്