കോട്ടയം : ഡോ.പികെ ജയശ്രീ കോട്ടയം കലക്ടറായി ചുമതലയേറ്റു. രാവിലെ കലക്ടറേറ്റില്‍ ചുമതലയേറ്റ അവര്‍ 9.15ന്, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്തു. തൃശൂര്‍ സ്വദേശിയായ ഡോ. പികെ ജയശ്രീ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
1987 ല്‍ കൃഷി വകുപ്പില്‍ ഓഫിസറായാണ് ജയശ്രീ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2000 ല്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസറായി ഉദ്യോഗ കയറ്റം നേടി.
2007 ല്‍ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടറായി കാസര്‍കോട് പ്രവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലകളില്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിലൂടെ ഡോ.ജയശ്രീ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Also Read: കോഴിക്കോടും പത്തനംതിട്ടയിലും പുതിയ കലക്ടര്‍മാര്‍ ചുമതലയേറ്റു
2012ല്‍ തൃശൂരില്‍ ഡെപ്യൂട്ടി കലക്ടറായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത് തൃശൂര്‍ ജില്ല കലക്ടറുടെ ചുമതലയും വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായും, കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2013ല്‍ തൃശൂരിലെയും, 2015ല്‍ കാസര്‍കോട്ടെയും സേവനത്തിന് മികച്ച ഡെപ്യൂട്ടി കലക്ടറെന്ന അംഗീകാരത്തിന് അര്‍ഹയായി. അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലയില്‍ നിന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
കാസർകോട് പെരിയ സ്വദേശിയും എസ്ബിഐ കോഴിക്കോട് ശാഖ മാനേജരുമായിരുന്ന സി.വി രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ആരതി, അപര്‍ണ്ണ.