കോട്ടയം: വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞു വീണു കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ ഐസിഡിഎസ്-നെ (Integrated Child Development Scheme) വിമർശിച്ച് കോട്ടയം ജില്ല കലക്‌ടർ. ജില്ലയിൽ സുരക്ഷിതമല്ലാതെ പ്രവർത്തിക്കുന്ന അങ്കണവാടികളെ കുറിച്ച് ഒരു മാസം മുൻപ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. 2 ദിവസത്തിനകം ഈ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കലക്‌ടർ പികെ ജയശ്രീ പറഞ്ഞു.
ഇന്നലെ രാവിലെ എകദേശം 10:35 നാണ് വൈക്കം കായിക്കരയിലെ അങ്കണവാടി കെട്ടിടം തകർന്ന് ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞു വീണായിരുന്നു അപകടം. കായിക്കര പനയ്ക്കച്ചിറ അജിയുടെ മകൻ ഗൗതമിനാണ് (4) പരിക്കേറ്റത്. വൈക്കം താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഐസിയുവിലാണ്.
കുട്ടിയുടെ കാലിന് പൊട്ടലുണ്ട് മുഖത്തും പരിക്കേറ്റിട്ടുണ്ട്. കൂടുതലായി വരുന്ന ചികിത്സ ചെലവുകൾ സർക്കാർ വഹിക്കുമെന്നു കലക്‌ടർ പറഞ്ഞു. ഒരു വീടിന്‍റെ ചായ്പ്പിൽ അങ്കണവാടി പ്രവർത്തിക്കാൻ അനുമതി നൽകിയപ്പോൾ പരിശോധിക്കേണ്ടതായിരുന്നുവെന്നു കലക്‌ടർ കൂട്ടിച്ചേർത്തു. കെട്ടിടത്തിനു ഫിറ്റ്നസ് നൽകിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും കലക്‌ടർ അറിയിച്ചു.
2500 അങ്കണവാടികളാണ് ജില്ലയിലുള്ളത്. സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ നല്ല കെട്ടിടത്തിലേക്ക് മാറ്റാൻ ഉടൻ ഫണ്ട് ലഭ്യമാക്കുമെന്നും കലക്‌ടർ പറഞ്ഞു.