കോട്ടയം: വൈക്കം നഗരസഭയിലെ കൗൺസിലർ കെ പി സതീശൻ ഉൾപ്പെട്ട ജോലി തട്ടിപ്പ് രണ്ടാമത്തെ പരാതിയും ഒത്തുതീർപ്പിലേക്ക്. പരാതിക്കാരിയായ ഉദയനാപുരം സ്വദേശിയ്‌ക്ക് ഒരു ലക്ഷം രൂപ മടക്കി നൽകി. ബാക്കി തുക ഒരു മാസത്തിനകം നൽകാമെന്ന ഉറപ്പിലാണ് പരാതി പിൻവലിക്കാൻ ധാരണയായത്.
ഗുരുവായൂരിൽ ദേവസ്വം ബോർഡ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സ് ജോലി വാഗ്‌ദാനം ചെയ്‌താണ് കെ.പി സതീശൻ പരാതിക്കാരിയായ റാണിഷ് മോളിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയത്. ആദ്യഘട്ടം 80,000 രൂപ ഗൂഗിൾ പേ വഴിയും ബാക്കി തുകയായ 70,000 രൂപ ബാങ്ക് വഴിയും കൈമാറി. കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായതായി കാണിച്ച് യുവതി പൊലീസിന് പരാതി നൽകി.
സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് കെ പി സതീശൻ്റെ ഒത്തുതീർപ്പ് നീക്കം. ഒരു ലക്ഷം രൂപ മടക്കി നൽകി ബാക്കി തുകയ്‌ക്കുള്ള ചെക്കും നൽകിയാണ് പരാതി പരിഹരിച്ചത്. റിട്ടയേർട്ട് എഎസ്‌ഐയുടെ മകന് ദേവസ്വം ബോർഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് നാലേ മുക്കാൽ ലക്ഷം തട്ടിയെടുത്തെന്ന ആദ്യ പരാതിയും ഒത്തുതീർപ്പായിരുന്നു.