കോട്ടയം: മാവേലിക്കര സബ് ജയിലിൽ റിമാന്റ് പ്രതി മരണപ്പെട്ട കേസിൽ അന്വേഷണം വഴിമുട്ടി. കഴിഞ്ഞ മാർച്ച് 20 നാണ് ഇൻഷുറൻസ് തട്ടിപ്പ് കേസിൽ കുമരകം സ്വദേശിയായ ജേക്കബിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്‌തത്. തുടർന്ന് റിമാന്‍റ് ചെയ്‌ത പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. പിറ്റേന്ന് പ്രതിയെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൊണ്ടയിൽ തൂവാല കുരുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്. ജേക്കബ് ജയിലിൽ മരിച്ച കേസിൽ അന്വേഷണം വേണമെന്ന് അന്നത്തെ മാവേലിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവേജ രവീന്ദ്രൻ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടികൾ ഒന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ല. കൊലപാതക സാധ്യത കണക്കിലെടുത്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നുമായിരുന്നു റിപ്പോട്ടിന്റെ ഉള്ളടക്കം. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ശരീരത്തിലെ പരിക്കുകൾ, സഹ തടവുകാരുടെ മൊഴിയിലെ വൈരുധ്യം, രണ്ടു തടവുകാരുടെ കൈയിലെ മുറിവുകൾ എന്നീ കാര്യങ്ങൾ പരിശോധിച്ചായിരുന്നു മജിസ്ട്രേറ്റിന്റെ റിപ്പോർട്ട്. ജേക്കബിന്‍റെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവ ദിവസം പൊലീസ് ഉദ്യോഗസ്ഥർ ജയിലിൽ മനു എന്ന തടവകാരനെ രണ്ട് തവണ സന്ദർശിച്ചതും അയാളെ ജേക്കബിന്‍റെ സെല്ലിലേക്ക് മാറ്റി പാർപ്പിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മുംബൈ ആസ്ഥാനമായ ഇൻഷുറൻസ് കമ്പനിയിൽ നിന്നും 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തിരുവല്ല പൊലീസാണ് ജേക്കബിനെ അറസ്റ്റ് ചെയ്തത്.