കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നവജാതശിശു കുളിമുറിയിലെ ബക്കറ്റില്‍നിറച്ച വെള്ളത്തിൽ മുങ്ങിമരിച്ച സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കി അമ്മ നിഷ. കുഞ്ഞിന് രണ്ടു ദിവസമായി പനി ഉണ്ടായിരുന്നു. രോഗം കുറയ്ക്കാന്‍ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിന്‍റെ കാൽ മുക്കിയപ്പോള്‍ കൈവിട്ടുപോയാണ് അപകടം സംഭവിച്ചുവെന്നും അവര്‍ പറഞ്ഞു.
അഞ്ച് കുട്ടികൾ ഉണ്ടായതിന്‍റെ പേരിൽ ആളുകൾ കളിയാക്കത് മൂലമാണ് ഗർഭിണിയായത് മറച്ചുവച്ചതെന്നും നിഷ മൊഴി നൽകി. കുഞ്ഞിന്‍റെ മരണം സംബന്ധിച്ച് വ്യത്യസ്‌തമായ മൊഴിയാണ് നിഷ പൊലീസിന് നൽകിയത്. കുടുംബാംഗങ്ങളുടെ വിശദമായ മൊഴി എടുക്കുമെന്ന് ഡി.വൈ.എസ്,പി പറഞ്ഞു. ഇടക്കുന്നം മുക്കാലിയിൽ മുത്തേടത്ത് മലയിൽ സുരേഷ്, നിഷ ദമ്പതികളുടെ നവജാത ശിശുവിനെ ബുധനാഴ്ച്ചയാണ് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മറ്റ് കുട്ടികള്‍ ശിശുക്ഷേമ കേന്ദ്രത്തില്‍
കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ശിശുവിന് ഏഴു ദിവസം പ്രായമുണ്ടായിരുന്നു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നിഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. മറ്റ് അഞ്ച് കുട്ടികളെയും പൊലീസ് വിവിധ ശിശുക്ഷേമ കേന്ദ്രങ്ങത്തില്‍ മാറ്റി പാർപ്പിച്ചു. ഈ കുട്ടികളുടെയും മൊഴി എടുക്കുന്നുണ്ട്.
ALSO READ: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ തീയിട്ട് കൊല്ലും
അതേസമയം കുഞ്ഞ് തനിയെ വെള്ളത്തിൽ വീണതല്ലെന്നാണ് മൂത്ത കുട്ടികളുടെ മൊഴി. നിഷയും സുരേഷും പറയുന്ന കാര്യങ്ങളിലും വൈരുധ്യമുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.വൈ.എസ്.പി എൻ ബാബുക്കുട്ടൻ പറഞ്ഞു.