കോട്ടയം: ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യ ആരോഗ്യ കേന്ദ്രത്തിന് സംസ്ഥാന മെന്‍റല്‍ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലെന്ന് എഡിഎമ്മിന്‍റെ റിപ്പോര്‍ട്ട്. ദുരൂഹ മരണങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്ഥാപനത്തിന് 2016 മുതൽ 2021 വരെ അനുമതി നല്‍കിയിരുന്നെങ്കിലും 2019 മുതല്‍ 2021വരെയുള്ള അനുമതി നേരത്തെ റദ്ദ് ചെയ്തിരുന്നു. സ്ഥാപനത്തിനെതിരെ വ്യാപക പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തനാനുമതി റദ്ദ് ചെയ്തത്.
എന്നാല്‍ 2021 വരെ നല്‍കിയ പ്രവര്‍ത്തന അനുമതി ഉപയോഗിച്ചായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തില്‍ മാലിന്യ സംസ്ക്കരണത്തിന് വേണ്ട സൗകര്യങ്ങൾ ഇല്ലെന്നും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും എ.ഡി.എം ജില്ലാ കലക്ടർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. സ്ഥാപനത്തിന്‍റെ ശുചിത്വ സർട്ടിഫിക്കറ്റ് പഞ്ചായത്ത് നേരത്തെ റദ്ദാക്കിയിരുന്നു.
സ്ഥാപനത്തിൽ മരുന്നുകളുടെ അമിത ഉപയോഗം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഡ്രഗ്സ് കൺട്രോളറുടെ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിട നിർമാണക്രമവൽക്കരണം സംബന്ധിച്ച് സ്ഥാപന ഡയറക്ടർ വി.സി. ജോസഫിന്‍റെ വാദം കേൾക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ, തെളിവെടുപ്പിനായി വിസി ജോസഫ് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകി.