കോട്ടയം: കോട്ടയത്ത് ലോറിയിൽ നിന്ന് പുറത്തേക്ക് വീണ കയറിൽ കുരുങ്ങി മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. തമിഴ്‌നാട് സ്വദേശി ജീവ രാജുവിനെതിരെയാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സംക്രാന്തി കവലയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ജീവ രാജു ഓടിച്ചിരുന്ന പച്ചക്കറി ലോറിയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന കയർ കാലിൽ കുരുങ്ങി സംക്രാന്തി സ്വദേശി മുരളിയാണ് (50) മരിച്ചത്. പ്രദേശത്തെ ഡ്രൈ ക്ലീനിങ് കടയിലെ ജീവനക്കാരനായിരുന്നു മരിച്ച മുരളി.
ഡ്രൈ ക്ലീനിങ് കടയുടമയുടെ വീട്ടിനോട് ചേർന്നുള്ള സ്ഥലത്താണ് ഇയാൾ താമസിച്ചുവന്നിരുന്നത്. പുലര്‍ച്ചെ ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. നടക്കവെ മുരളിയുടെ കാലില്‍ പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങുകയായിരുന്നു. കയര്‍ കാലില്‍ കുരുങ്ങിയ മുരളിയുമായി ലോറി ഇരുന്നൂറ് മീറ്ററോളം ദൂരം മുന്നിലേക്ക് നീങ്ങി.
മുരളിയുടെ ഒരു കാല്‍ അറ്റ നിലയിലാണ് കണ്ടെത്തിയത്. മൃതശരീരത്തില്‍ നിന്ന് മാറി നൂറ് മീറ്റര്‍ അകലെയായിരുന്നു മുരളിയുടെ ഒരു കാല്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയാണ് മേല്‍ നടപടികള്‍ സ്വീകരിച്ചത്.
READ MORE : ലോറിയില്‍ കെട്ടിയിരുന്ന കയര്‍ കുരുങ്ങി, മീറ്ററുകള്‍ വലിച്ചിഴച്ചതോടെ കാല്‍ അറ്റു ; മധ്യവയസ്‌കന് ദാരുണാന്ത്യം
അപകടം നടന്നത് ലോറി ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. ഇതേ ലോറിയിലെ കയര്‍ ശക്‌തിയിൽ വന്നടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾക്കും പരിക്കേറ്റിരുന്നു. ഇതിൽ ബൈക്കിന്‍റെ പിന്നിൽ ഇരിക്കുകയായിരുന്ന സ്‌ത്രീയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇത് കൂടാതെ കയർ തട്ടി ബൈക്ക് യാത്രികനായ പാറപ്പുറം ക്ഷേത്രത്തിലെ പൂജാരിക്കും പരിക്കേറ്റിരുന്നു. ഇയാൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ALSO READ : വീഡിയോ: ലോറിയിൽ നിന്ന് പുറത്തേക്ക് വീണ കയർ കഴുത്തിൽ കുടുങ്ങി; റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികൻ
കയർ കഴുത്തിൽ കുടുങ്ങി പരിക്ക്: ഇക്കഴിഞ്ഞ മാർച്ചിൽ മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ റോഡ് നിർമാണത്തിനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്കേറ്റിരുന്നു. തിരുനക്കരയിൽ നിന്ന് പുളിമൂട് ജങ്‌ഷനിലേക്ക് പോകുന്ന ഇടറോഡിൽ വച്ചാണ് അപകടമുണ്ടായത്.
തറയോട് പാകുന്നതിന്‍റെ ഭാഗമായി റോഡിൽ വഴിയടച്ചു കയർ കെട്ടിയിരിക്കുകയായിരുന്നു. മുന്നറിയിപ്പ് ബോർഡോ അടയാളങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല. ഇതിനിടെ കയർ കെട്ടിയത് ശ്രദ്ധയിൽ പെടാതെ രാവിലെ ബൈക്കിൽ വരുന്നതിനിടെ ജിഷ്‌ണുവിന്‍റെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു.
കേബിളിൽ കുടുങ്ങി അപകടം: ഇക്കഴിഞ്ഞ ജനുവരിയില്‍ കൊച്ചിയില്‍ ബൈക്ക് യാത്രക്കാരൻ കേബിൾ കുടുങ്ങി അപകടത്തിൽ പെട്ടിരുന്നു. മരട് സ്വദേശി അനിൽ കുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കവെ കൊച്ചി വെണ്ണലയിലെ ഇലക്‌ട്രിക് കേബിളില്‍ ആണ് അനില്‍ കുമാര്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇയാള്‍ തലയിടിച്ച് റോഡില്‍ വീണു. നാട്ടുകാരെത്തിയാണ് പരിക്കേറ്റ അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.