കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും സംസ്കരിക്കാൻ കൊണ്ടുപോയ മാലിന്യത്തിൽ നവജാത ശിശുവിവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ശനിയാഴ്‌ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും എറണാകുളത്തെ സംസ്‌കരണ പ്ലാന്‍റിലേക്ക് കൊണ്ടുപോയ മാലിന്യ ശേഖരത്തിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. മാലിന്യം സംസ്‌കരിക്കുന്ന സർക്കാർ ഏജൻസിയായ കെ.ഇ.ഐ.എല്ലിലെ തൊഴിലാളികള്‍ മാലിന്യങ്ങൾ വേർതിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടത്.
കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ചപ്പോള്‍ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഉള്ള മാലിന്യ കവറിലാണ് മൃതദേഹമെന്നു തിരിച്ചറിഞ്ഞു. ആശുപത്രിയിൽ നിന്നും ഇത്തരത്തിൽ കുഞ്ഞിന്‍റ മൃതദേഹം സംസ്‌കരിക്കുന്നതിനായി അനുമതി നൽകിയിട്ടില്ലയെന്ന് അധികൃതർ പറഞ്ഞു. ദുരൂഹ സാഹചര്യത്തിൽ മരിച്ച കുഞ്ഞാണെങ്കിൽ മൃതദേഹം ഒളിപ്പിക്കാൻ ഈ വഴി തെരഞ്ഞെടുക്കാൻ ഉള്ള സാധ്യതയുള്ളതായും അധികൃതര്‍ പറഞ്ഞു.
ആശുപത്രിയിൽ വച്ച് മരിച്ചതാണെങ്കിൽ സംസ്‌കരിക്കാൻ ഏജൻസിയെ ഏൽപ്പിക്കുമ്പോൾ മരണകാരണം സംബന്ധിച്ച ആശുപത്രി രേഖകൾ കൂടെ ഉണ്ടാകും. അസ്വഭാവിക മരണമാണെങ്കിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത് പൊലീസിനു കൈമാറും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും നവജാതശിശുവിന്‍റെ മൃതദേഹം ഇത്തരത്തിൽ കൈമാറിയിട്ടില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.