കോട്ടയം: പിസി ജോർജിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ് തുടരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്.
ഇന്ന് (25-8-2022) രാവിലെ മുതൽ തുടങ്ങിയതാണ് പരിശോധന. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നതിന് പിസി ജോർജിന്‍റെ മകൻ ഷോൺ ജോർജ് ശ്രമിച്ചു എന്നാണ് ആരോപണം. കേസിൽ ദിലീപിനെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നു വരുത്തി തീർക്കാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ഇട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
സ്ക്രീൻഷോട്ട് എടുത്ത ഫോൺ കണ്ടുപിടിക്കാനാണ് റെയ്‌ഡ് നടക്കുന്നത്. കുടുംബാംഗങ്ങളുടെ എല്ലാവരുടെയും ഫോൺ കസ്‌റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കുട്ടികൾ പഠിക്കാൻ ഉപയോഗിക്കുന്ന ടാബ് അടക്കം കസ്‌റ്റഡിയിൽ എടുക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ നീക്കം.
പ്രതി ദിലീപിന്‍റെ സഹോദരനുമായി ഷോൺ സംസാരിച്ചതിന്‍റെ രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. റെയ്‌ഡ് അനാവശ്യമാണെന്നും ഫോൺ കസ്‌റ്റഡിയിൽ വിട്ടു തരില്ലെന്നും പിസി ജോർജ് പറഞ്ഞു.