കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച തര്‍ക്കത്തില്‍ കടുത്ത ആശയക്കുഴപ്പത്തില്‍ സിപിഎം. ഇന്ന് വൈകിട്ട് ചേരാനിരുന്ന സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം നാളത്തേക്ക് മാറ്റിവച്ചു. രാവിലെ എട്ട് മണിയ്‌ക്ക് പാലാ ഏരിയ കമ്മിറ്റി യോഗവും 8.30ന് സിപിഎം പാര്‍ലമെന്‍ററി യോഗവും ഒന്‍പത് മണിയ്‌ക്ക് സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ചേരും.
അധ്യക്ഷനാരെന്ന് നാളെ ചേരുന്ന യോഗത്തില്‍ തീരുമാനമാകും. നാളെ രാവിലെ 10 മണിക്ക് മുന്‍പാണ് തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
ജോസ് കെ മാണിയുടെ കത്ത്: അതേസമയം, പാലാ നഗരസഭ തെരഞ്ഞെടുപ്പില്‍ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്‌ക്കുന്നു എന്ന് ആരോപിച്ച് ജോസ് കെ മാണി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ചിരുന്നു. പാലായില്‍ ആര് ചെയര്‍മാനായാലും തനിക്ക് കുഴപ്പമില്ല. വിവാദങ്ങള്‍ സൃഷ്‌ടിക്കാതെ പാലായിലെ വിഷയം പരിഹരിക്കണമെന്നുമായിരുന്നു ജോസ് കെ മാണിയുടെ കത്ത്.
കത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും. എന്നാല്‍, സിഐടിയു ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കള്‍ ബെംഗളൂരുവില്‍ ആയതിനാല്‍ ഇവിടെ വച്ചായിരിക്കും യോഗം ചേരുക. ബെംഗളൂരുവില്‍ ചേരുന്ന യോഗത്തിലെ തീരുമാനം ഇന്ന് തന്നെ ഏരിയ കമ്മിറ്റിയെ അറിയിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
അന്തിമ തീരുമാനം നാളെ രാവിലെ എട്ട് മണിക്ക് ചേരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അറിയിക്കും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിലെ ആദ്യ തീരുമാനം. എന്നാല്‍, ബിനുവിനെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എം എതിര്‍പ്പ് അറിയിച്ചതാണ് തര്‍ക്കത്തിന് തുടക്കമായത്.