കോട്ടയം: കുമരകം റോഡിന്‍റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരവുമായി സിപിഐ. കുമരകത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, കോണത്താറ്റ് പാലം പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സിപിഐ സമരപരിപാടികളുമായ് രംഗത്തെത്തിയത്.
പ്രധാന പാതയിലുള്ള ഇടുങ്ങിയ കോണത്താറ്റ് പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ഇടിവി ഭാരത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാലം നിർമാണത്തിനും പാത നവീകരണത്തിതിനുമായി 120 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക എവിടെയെന്നും സിപിഐ ചോദിക്കുന്നു. പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിൽ അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധികൾക്കുണ്ടെന്നും സർക്കാാരിന്‍റെ ഭാഗത്ത് നിന്നും ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനം ഉണ്ടാക്കുന്നില്ലന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത സിപിഐ ജില്ലാ സെക്രട്ടറി ശശിധരന്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ഹൈക്കോടതിയുടെ തന്നെ വിമർശനം നിലനിൽക്കെയാണ് പ്രത്യക്ഷ സമരത്തിലൂടെയും പ്രതിഷേധത്തിലൂടെയും സിപിഐ രംഗത്തെത്തുന്നത്.