കോട്ടയം: കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ കോട്ടയം ജില്ലയില്‍ 36 തദ്ദേശ സ്ഥാപന മേഖലകളില്‍ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തില്‍ താഴെയായി. ഇതില്‍തന്നെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെയാണ്. ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജൂണ്‍ ഏഴ് മുതല്‍ ജൂണ്‍ 13 വരെയുള്ള ദിവസങ്ങളിലെ കണക്കുപ്രകാരം 10.90 ആയി.
Also Read: കോട്ടയത്ത് കനത്ത മഴയിൽ വീട് തകർന്നു ; ജില്ലയിൽ വ്യാപക മണ്ണിടിച്ചിൽ
ഈ ഒരാഴ്ചക്കാലം ഒരു തദ്ദേശ സ്ഥാപനത്തിന്‍റെ പരിധിയിലും പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ പോയിട്ടില്ല. രണ്ടാം തരംഗത്തില്‍ ആദ്യമായി ശനിയാഴ്ച പത്ത് ശതമാനത്തില്‍ താഴെയെത്തിയ(9.64) ജില്ലയുടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഞായറാഴ്ച വീണ്ടും കുറഞ്ഞ് 9.05ൽ എത്തി. ഒരു ഘട്ടത്തില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി എല്ലാ മേഖലകളിലും 20 ശതമാനത്തിന് മുകളിലായിരുന്നു. 50 ശതമാനം കടന്ന പഞ്ചായത്തുകളുമുണ്ട്.
ഇപ്പോള്‍ പോസിറ്റിവിറ്റി 20നും 30നും ഇടയിലുള്ളത് ആറ് ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ്. 27.79 ശതമാനമുള്ള തൃക്കൊടിത്താനമാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. ഭരണങ്ങാനം(2.74),കുറവിലങ്ങാട്(3.43),തലയോലപ്പറമ്പ്(3.89),മരങ്ങാട്ടുപിള്ളി(4.17),മീനച്ചില്‍(4.77),വെള്ളാവൂര്‍(4.84), വൈക്കം(4.95) എന്നിവയാണ് അഞ്ചില്‍ താഴെ പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകള്‍.
നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനും അവ കര്‍ശനമായി പാലിക്കുന്നതിനും എല്ലാ വിഭാഗം ആളുകളും സഹകരിച്ചതാണ് രോഗവ്യാപന തോത് കുറയുന്നതില്‍ നിര്‍ണായകമായതെന്ന് ജില്ല കലക്ടര്‍ എം.അഞ്ജന പറഞ്ഞു. പോസിറ്റിവിറ്റി താഴ്‌ന്നെങ്കിലും ഇപ്പോഴും ഓരോ ദിവസവും അഞ്ഞൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ട് ജാഗ്രത തുടരണമെന്നും കലക്ടര്‍ അറിയിച്ചു.