കോട്ടയം: കൊവിഡ് കാലത്ത് വീട്ടിലിരിപ്പിന്‍റെ വിരസതയകറ്റാന്‍ മൊബൈല്‍ ഫോട്ടോഗ്രഫി പരീക്ഷണവുമായി സഹോദരങ്ങളായ ലക്ഷ്‌മിയും ശിവാഗും. ഇടുക്കി കുമളി സ്വദേശികളായ ഇവര്‍ മൊബൈല്‍ ഫോണിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൗതുകമായി മാറിയിരിക്കുകയാണ്. ലക്ഷ്‌മി കോട്ടയം റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ശിവാഗ് പുതുപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും. കോട്ടയം പുതുപ്പള്ളിയിലാണ് നിലവില്‍ കുടുംബം താമസിക്കുന്നത്.
ഓണക്കാലത്ത് സ്വന്തം നാടായ കുമളിയിലേക്ക് പോകാന്‍ പോലും കഴിയാതെ വീട്ടില്‍ അടച്ചിരുന്ന് മടുത്തപ്പോഴാണ് ലക്ഷ്‌മിയും ശിവാഗും അമ്മയും മൊബൈല്‍ ഫോണില്‍ ഫോട്ടോഗ്രഫി പരീക്ഷണം ആരംഭിച്ചത്. ലക്ഷ്‌മിയെ മോഡലായി നിര്‍ത്തി ശിവാഗ് ആദ്യമെടുത്ത ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രോത്സാഹനം ലഭിച്ചതോടെ വീടിന് ചുറ്റുമുള്ളതെല്ലാം ഇവരുടെ ഫോണ്‍ ഗാലറിയില്‍ ചത്രങ്ങളായി മാറി. മക്കളുടെ ഫോട്ടോഗ്രഫിയിലുള്ള കമ്പം മനസിലാക്കി ഇവര്‍ക്ക് സ്വന്തമായി 'കിഡ്‌സ് ഓണ്‍ പിക്ക്' എന്ന പേരില്‍ ഒരു വെബ് സൈറ്റും സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ അച്ഛന്‍ ഓമനക്കുട്ടന്‍ നിര്‍മിച്ചു നല്‍കി.
മുറ്റത്ത് പൂത്ത് നില്‍ക്കുന്ന ചെടികളും പൂക്കളും കായ്‌ക്കനികളും പാടവും തൊടിയും തുടങ്ങി പഴയകാല ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍ അങ്ങനെ എല്ലാമുണ്ട് ഇവരുടെ വെബ്‌സൈറ്റില്‍. ഫേസ്‌ബുക്കിലും ഇവര്‍ കിഡ്‌സ് ഓണ്‍ പിക്ക് എന്ന പേരില്‍ പേജ് തുടങ്ങിട്ടുണ്ട്. എല്ലാ പിന്തുണയുമായി അമ്മ കവിതയും ഇവര്‍ക്കൊപ്പമുണ്ട്.