കോട്ടയം: ജില്ലയിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113 ആയി. ജില്ലയിലെ രോഗികളുടെ എണ്ണം നൂറ് കടക്കുന്നതും ഇതാദ്യമാണ്. രോഗം സ്ഥിരീകരിച്ചവരിൽ അധികവും കുവൈറ്റിൽ നിന്നെത്തിയവർക്കാണ്. വിദേശത്ത് നിന്നെത്തിയ 12 പേർക്കാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരികരിച്ചത്. അഞ്ച് പേർ ഇതര സംസ്ഥാന സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. കൂടാതെ സാമ്പർക്കത്തിലൂടെയും ഒരു വൈറസ് ബാധിതയെ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവായ യുവതിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇരുവർക്കും രോഗം ഉണ്ടായതെങ്ങനെയെന്ന് കണ്ടെത്താൻ കഴിയാത്തത് ജില്ലയിൽ നേരിയ ആശങ്കയുയർത്തുന്നു. രണ്ട് പേരാണ് ജില്ലയിൽ നിന്നും വൈറസ് മുക്തരായി വീടുകളിലേക്ക് മടങ്ങിയത്. പാലാ ജനറൽ ആശുപത്രിയിൽ 40 പേരും കോട്ടയം ജനറൽ ആശുപത്രിയിൽ 37 പേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 32 പേരും എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുപേരുമാണ് നിലവിൽ ചികത്സയിലുള്ളത്.