കോട്ടയം: കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ഒമ്പത് പേര്‍ ആശുപത്രി നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ ഗൃഹനാഥന്‍റെ മാതാപിതാക്കടക്കം ഏഴ് പേരാണ് മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ ഉള്ളത്. പത്തനംതിട്ടയിലെ രോഗബാധിതരെ കൂട്ടിക്കൊണ്ട് വന്ന മൂന്നംഗ കുടുംബവും ഖത്തറിൽ നിന്നും ഇറ്റലിയിൽ നിന്നും എത്തിയ ഓരോരുത്തരും ഇതിൽ ഉൾപ്പെടും. കൂടാതെ ഒരാൾ കോട്ടയത്തെ സ്വകാര്യ ആശുപത്രി ഐസൊലേഷനിലും മറ്റൊരാൾ കോട്ടയം ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലും നീരീക്ഷണത്തിലാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തില്‍ കഴിയുന്നവരിൽ ആർക്കും നിലവില്‍ രോഗലക്ഷണങ്ങൾ കാര്യമായില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ജയകുമാർ പറഞ്ഞു.
കൂടാതെ ദോഹയിൽ നിന്നും രോഗബാധിതർക്കൊപ്പമെത്തിയ ഇരുപത്തിരണ്ട് പേരും കോട്ടയത്ത് വിവിധ ഇടങ്ങളിലായി ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇതിൽ നാലുപേരുടെ ശ്രവ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജില്ലയിൽ ഹോം കെയറിൽ കഴിയുന്നവരുടെ എണ്ണം 83ൽ നിന്നും 91 ആയി ഉയർന്നു. നിലവിൽ ആശുപത്രിയിൽ കഴിയുന്നവരുടെ ശ്രവ സാമ്പിളുകളുടെ പരിശോധന റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചനകൾ.
അതേസമയം അതീവ ജാഗ്രതയുടെ ഭാഗമായി ജില്ലയിലെ പൊതുപരിപാടികൾ എല്ലാം തന്നെ ജില്ലാ ഭരണകൂടം ഒഴിവാക്കി. സ്വകാര്യ പൊതുപരിപാടികൾക്കും ജില്ലയിൽ കർശന നിയന്ത്രണമുണ്ട്. കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനിലിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന് ജില്ലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.