കോട്ടയം : ഇതര സമുദായത്തിൽ നിന്ന് വിവാഹം കഴിച്ചതിനെ തുടർന്ന് ക്‌നാനായ സമുദായത്തിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി. മറ്റൊരു സമുദായത്തിൽ നിന്ന് വിവാഹം ചെയ്യുന്നവരെ പുറത്താക്കരുതെന്നും വിധിയിൽ പറയുന്നു. കോട്ടയം അഡീഷണൽ ജില്ല സെഷൻസ് കോടതിയുടേതാണ് വിധി.
ക്‌നാനായ നവീകരണ സമിതിയുടെ ആവശ്യം ജില്ല കോടതി ശരിവച്ചു. ക്‌നാനായ കാത്തലിക്ക് കോൺഗ്രസ് അടക്കമുള്ളവർ നൽകിയ അപ്പീൽ തള്ളി. ജില്ല കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കെസിസി പ്രസിഡന്‍റ് തമ്പി എരുമേലിക്കര പറഞ്ഞു. ജില്ല ജഡ്‌ജി സാനു എസ് പണിക്കരാണ് വിധി പുറപ്പെടുവിച്ചത്. വർഷങ്ങളായി സഭയിൽ നിലനിന്ന കേസിലാണ് വിധി.
ദൈവിക വിധി നടപ്പായെന്ന് വാദി ഭാഗം അഭിഭാഷകൻ ഫ്രാൻസിസ് തോമസ് പറഞ്ഞു. ക്‌നാനായ നവീകരണ സമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ച് സബ് കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ആ വിധി അതേ പടി സെഷൻസ് കോടതി ശരിവയ്ക്കുകയായിരുന്നു. ക്‌നാനായ നവീകരണ സമിതി ഭാരവാഹികളായ 4 പേരാണ് വാദികൾ.